വലയിഞ്ചിപ്പടിയിൽ പ്രളയത്തിൽ തകർന്ന നടപ്പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പ്രളയത്തിൽ തകർന്ന നടപ്പാലം പുനർനിർമിക്കണം
ഏന്തയാർ ∙ മുക്കുളം റോഡിൽ വലയിഞ്ചിപ്പടിയിൽ പ്രളയത്തിൽ തകർന്ന നടപ്പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 15 ലക്ഷം രൂപ മുടക്കി ഇവിടെ നിർമിച്ച കോൺക്രീറ്റ് നടപ്പാലവും റോഡും പ്രളയത്തിൽ തകർന്നതോടെ നാടിന്റെ സഞ്ചാരമാർഗം ഇല്ലാതായി.
കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതും സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിനു നാട്ടുകാരുടെ ആശ്രയവും ആയിരുന്നു ഇൗ പാലം. പാലം ഇല്ലാതായതോടെ മറുകരയിൽ എത്താൻ 6 കിലോമീറ്റർ അധികമായി സഞ്ചരിക്കണം. 50 മീറ്റർ അകലെയുള്ള ഒലയനാട് ഗാന്ധി സ്മാരക സ്കൂളിൽ പഠിക്കുന്ന കുട്ടികൾ പോലും 5 കിലോമീറ്റർ ചുറ്റിസഞ്ചരിച്ചാണ് സ്കൂളിൽ എത്തുന്നത്.
കർഷകരും സാധാരണക്കാരായ തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് ഇതു മൂലം അധിക ബാധ്യതയായി.ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ, വലയിഞ്ചിപ്പടിയിലെ നടപ്പാലം പുനർനിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.