ബഫര്‍ സോണ്‍ വിരുദ്ധ ജനകീയ പ്രക്ഷോഭത്തില്‍ പമ്പാവാലിയിലെ 61 പേർക്കു ജാമ്യം
പമ്പാവാലിയിലെ 61 പേർക്കു ജാമ്യം
കാഞ്ഞിരപ്പള്ളി: പമ്പാവാലി ബഫര്‍ സോണ്‍ വിരുദ്ധ ജനകീയ പ്രക്ഷോഭത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കുറ്റം ചാര്‍ത്തപ്പെട്ട പ്രദേശവാസികള്‍ക്ക് ജാമ്യം അനുവദിച്ചു. കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് പഞ്ചായത്തംഗങ്ങള്‍ ഉള്‍പ്പെട്ട 63 പേരില്‍ 61 പേര്‍ക്ക് ഇന്നലെ ജാമ്യം നല്‍കിയത്. ആളൊന്നിന് 30,000 രൂപയുടെ ബോണ്ടില്‍ നാല് പേര് ജാമ്യക്കാരായിനിന്നാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ മരിച്ചു പോയി. ഒരാള്‍ വിദേശത്താണ്. ജാമ്യാപേക്ഷയ് ക്കൊപ്പം കേസില്‍ ഉള്പ്പെട്ടവര്ക്കെതിരേയുള്ള കുറ്റപത്രവും കോടതി വായിച്ച് കേള്‍പ്പിച്ചു. ഒക്ടോബര്‍ 17ന് അടുത്ത കോടതി വിസ്താരം ആരംഭിക്കും. പൊതുമുതല്‍ നശിപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസ് എടുത്തതോടെയാണ് ഇവര്‍ക്ക് ജാമ്യം എടുക്കേണ്ടി വന്നത്. ഏഞ്ചല്‍വാലി സെന്റ് മേരീസ് പള്ളി വികാരി ഫാ. ജയിംസ് കൊല്ലംപറമ്പില്‍, എരുമേലി പഞ്ചായത്ത് മുന്‍പ്രസിഡന്റ് മറിയാമ്മ സണ്ണി, പഞ്ചായത്തംഗം മാത്യു ജോസഫ് തുടങ്ങിയവര്‍ ഇതില്‍പ്പെടും. ബസ് വാടകക്കെടുത്താണ് കേസില്‍ ഉള്‍പ്പെട്ടവര്‍ ജാമ്യമെടുക്കാന്‍ ഇന്നലെ കോടതിയില്‍ എത്തിയത്. ഇത്തരത്തില്‍ വാഹനക്കൂലിയായി മാത്രം 12,000 രൂപയാണ് ചെലവായത്. ഭക്ഷണത്തിനും കേസ് ചെലവുകള്‍ക്കും വേറെ തുകയും. ഇതോടകം വിവിധ കേസുകളില്‍ പിഴയായി അടയ്ക്കേണ്ടി വന്നത് 95,000 രൂപ. എരുമേലി പഞ്ചായത്ത് രണ്ട് വാര്‍ഡുകളിലെ രണ്ടായിരത്തോളം കുടുംബങ്ങളെയാണ് ബഫര്‍ സോണ്‍ വിഷയം ബാധിക്കുന്നത്. അഡ്വ. ബിനോയി മങ്കന്താനം ഇവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായി. പമ്പാവാലി, ഏഞ്ചല്‍വാലി വാര്‍ഡുകള്‍ സര്‍ക്കാരിന്റെ ബഫര്‍സോണ്‍ മാപ്പില്‍ വനമേഖലയായി പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ സമരം നടത്തിയത്. 502 ഹെക്ടറില്‍ 1200 കുടുംബങ്ങളെയാണ് പ്രതിസന്ധി ബാധിച്ചതും ജനകീയ സമിതി സമരം ആരംഭിച്ചതും. അഴുതമുന്നിയില്‍ വനം വകുപ്പിന്റെ ബോര്‍ഡ് പിഴുത് വനം വകുപ്പ് ഓഫീസിനു മുന്നില്‍ എത്തിച്ച് കരി ഓയില്‍ ഒഴിച്ചെന്നാണ് കേസ്. 37 പേര്ക്കെതിരേയുണ്ടായിരുന്ന മറ്റ് മൂന്നു കേസുകള്‍ കാഞ്ഞിരപ്പള്ളി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പിഴ ഈടാക്കി തീര്‍പ്പാക്കിയിരുന്നു. വനം വകുപ്പിന്റെ ബോര്‍ഡ് പിഴുത സ്ഥലത്ത് എയ്ഞ്ചല്‍വാലിയിലേക്ക് സ്വാഗതം എന്ന പുതിയ ബോര്‍ഡ് സ്ഥാപിച്ചു, കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന് (കിഫ) ഏഞ്ചല്‍വാലിയില്‍ പ്രകടനവും യോഗവും നടത്തി മാര്‍ഗതടസമുണ്ടാക്കി, പഞ്ചായത്ത് ഓഫീസിനു മുന്നില്‍ യോഗം ചേര്‍ന്നു തുടങ്ങിയ കുറ്റങ്ങളാണ് നാട്ടുകാര്‍ക്കെതിരേ ചുമത്തിയത്. ബഫര്‍സോണ്‍ വിരുദ്ധ ജനകീയ സമരസമിതിക്ക് എതിരേ എടുത്ത കേസുകളില്‍ പിഴ അടയ്ക്കുന്നതിനു സമരസമിതി എരുമേലി, മുക്കൂട്ടുതറ, പമ്പാവാലി മേഖലകളില്‍ തെണ്ടല് സമരം നടത്തിയാണ് അന്ന് പണം സ്വരൂപിച്ചത്.