കൂട്ടിക്കൽ -കൊക്കയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ ഈസ്റ്റ് ജനകീയ പാലം ഉദ്ഘാടനം മൂന്നിന്
മുണ്ടക്കയം :കൂട്ടിക്കൽ -കൊക്കയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ ഈസ്റ്റ് പാലം ഉരുൾപൊട്ടലിൽ തകർന്നതോടെ വഴിയടഞ്ഞ പ്രദേശവാസികൾക്ക് ആശ്വാസമായി താത്കാലിക ജനകീയ പാലം ഉയർന്നു, ജൂൺ 3ന് ഉദ്ഘാടനം. പ്രളയത്തിൽ തകർന്ന പാലത്തിനു പകരം കാത്തിരിപ്പിനൊടുവിൽ നിർമാണം ആരംഭിച്ച പാലം പുല്ലകയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നു കഴിഞ്ഞ ദിവസം നിർത്തിവെച്ചിരുന്നു. ഇതോടെ നാട്ടുകാർക്ക് കിലോമീറ്ററുകൾ ചുറ്റി ഇളങ്കാട് വഴിയായിരുന്നു ഏന്തയാർ ഈസ്റ്റ്, കനകപുരം എന്നിവിടങ്ങിൽ എത്താൻ കഴിഞ്ഞിരുന്നത്. ഇതേ തുടർന്ന് നാട്ടുകാർ താൽക്കാലിക നടപ്പാലം നിർമിക്കാൻ ആലോചന നടത്തി. പാലം നിർമിക്കാൻ നാട്ടുകാർ പ്രഖ്യാപനം നടത്തിയതോടെ കൂട്ടിക്കൽ- കൊക്കയാർ പഞ്ചായത്തുകളും നാട്ടുകാരുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.