മുണ്ടക്കയം ടൗണിലെ കുഴി. വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റപ്പണി
ദേശീയപാതയിൽ മുണ്ടക്കയം ബസ്സ് സ്റ്റാന്റ് കവാടത്തിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടിയതിനെത്തുടർന്ന് വലിയ കുഴി രൂപപ്പെട്ട ഭാഗത്ത് വാട്ടർ അതോറിറ്റി ജീവനക്കാർ നവീകരണ പ്രവർത്തനങ്ങൾ നടത്തി
പൈപ്പ് പൊട്ടൽ പതിവായതോടെ ദേശീയപാത അധികൃത ടാറിങ്ങിന് പകരം ഇവിടെ സിമന്റ് ലോക്ക് കട്ടകളാണ് റോഡിൽ പാകിയിരിക്കുന്നത്. എന്നാൽ നാളുകൾക്ക് മുമ്പ് പൈപ്പ് ലൈൻ പൊട്ടിയതോടെ ഇവിടെ റോഡിൽ വലിയ കുഴി രൂപപ്പെട്ടു. മഴക്കാലമായതോടെ കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കി. വെള്ളം നിറഞ്ഞുനിൽക്കുന്ന കുഴിയിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലും വഴിയാത്രക്കാരുടെമേലും ചെളിവെള്ളം തെറിക്കുന്നതും പതിവായി. ഇവിടെയാണ് വീണ്ടും വാട്ടർ അതോറിറ്റി കുഴിയെടുത്ത് നവീകരണ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇതോടെ മേഖലയിൽ വീണ്ടും വലിയ കുഴി രൂപപ്പെടുകയും വാഹനങ്ങൾ അപകടത്തിൽ പെടുവാനുമുള്ള സാധ്യത ഏറെയാണ്. കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായെങ്കിലും അറ്റകുറ്റ പണിക്കു മഴക്കാലം എത്തുന്നതുവരെ കാത്തിരുന്നതാണ് പ്രതിഷേധത്തിനിട വരുത്തിയിരിക്കുന്നത്