കാലവര്‍ഷത്തെ നേരിടാന്‍ തയാറായിരിക്കാന്‍ വകുപ്പുകള്‍ക്ക് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
കാലവര്‍ഷത്തെ നേരിടാന്‍ തയാറായിരിക്കാന്‍
വകുപ്പുകള്‍ക്ക് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
അവലോകന യോഗം ചേര്‍ന്നു
കോട്ടയം: മഴക്കാലമുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കാലവര്‍ഷത്തെ നേരിടാന്‍ തയാറായിരിക്കാനും വിവിധ വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി നിര്‍ദ്ദേശം നല്‍കി. മഴക്കാലമുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ കളക്ട്രേറ്റിലെ വിപഞ്ചിക ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വകുപ്പുകളും സ്വീകരിച്ച നടപടികള്‍ യോഗം വിലയിരുത്തി.
വഴിയരുകിലും സ്‌കൂളുകളിലും അപകടകരമായി നില്‍ക്കുന്ന മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ സാമൂഹിക വനവല്‍ക്കരണ വിഭാഗം, പൊതുമരാമത്ത് വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു. അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടി മാറ്റാന്‍ അനുമതിക്കായി ട്രീ കമ്മിറ്റിക്കു ലഭിച്ചിട്ടുള്ള അപേക്ഷകളുടെ വിവരങ്ങള്‍ അടിയന്തരമായി സാമൂഹിക വനവല്‍ക്കരണ വിഭാഗം നല്‍കണം. റോഡരുകിലെ സൂചനാബോര്‍ഡുകള്‍ മറയ്ക്കുന്ന മരച്ചില്ലകളും മറ്റു തടസങ്ങളും പൊതുമരാമത്ത് റോഡ് വിഭാഗം അടിയന്തരമായി നീക്കും. പ്രവര്‍ത്തനങ്ങള്‍ മേയ് 25നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശിച്ചു.
വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞ മരശിഖിരങ്ങള്‍ വെട്ടിമാറ്റുന്ന നടപടി പുരോഗമിക്കുകയാണെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേര്‍ന്ന് കിണറുകള്‍ അണുവിമുക്തമാക്കുന്നതിനായി ക്ലോറിനേഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും. കോട്ടയം, പാലാ, ഏറ്റുമാനൂര്‍ നഗരസഭകളിലെ മാര്‍ക്കറ്റുകളില്‍നിന്നുള്ള മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിലയിരുത്തി. റോഡരികിലുള്ള ജലാശയങ്ങളെക്കുറിച്ച് സൂചന നല്‍കാനായി റിഫ്ളക്ടറുകള്‍ അടിയന്തരമായി സ്ഥാപിക്കാന്‍ പി.ഡബ്ല്യൂ.ഡിയോട് നിര്‍ദ്ദേശിച്ചു.
സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ആരംഭിച്ചതായി ആര്‍.ടി.ഒ. യോഗത്തെ അറിയിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി ഫിറ്റ്നസ് ഇല്ലാത്ത ഒരു വാഹനവും ഓടിക്കാന്‍ പാടില്ല. ഇക്കാര്യം ആര്‍.ടി.ഒ. ഉറപ്പാക്കണം. സ്‌കൂള്‍ അങ്കണങ്ങള്‍ വൃത്തിയാക്കല്‍, കുടിവെള്ള ടാങ്ക് വൃത്തിയാക്കല്‍ പ്രവര്‍ത്തികള്‍, ഫിറ്റ്നസ് നടപടികള്‍ എന്നിവ പുരോഗമിക്കുന്നതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ പറഞ്ഞു. ഡി.ഇ.ഒ, എ.ഇ.ഒ. എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എല്ലാ സ്‌കൂളുകളും സന്ദര്‍ശിച്ച് പ്രവര്‍ത്തികള്‍ പരിശോധിക്കും. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ്, ചുറ്റുമതിലുകളുടെ ഉറപ്പ് എന്നിവ ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയിലെ വെള്ളച്ചാട്ടങ്ങളടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നിരോധനം-മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ വിനോദസഞ്ചാരവകുപ്പിനോട് നിര്‍ദ്ദേശിച്ചു. പോളശല്യം കുറഞ്ഞതിനാല്‍ കോടിമതയിലേക്കുള്ളതും മുഹമ്മ-മണിയാപറമ്പ് സര്‍വീസും പുനഃരാരംഭിച്ചതായി ജലഗതാഗത വകുപ്പ് അറിയിച്ചു. സര്‍വീസ് ബോട്ടുകള്‍ക്കെല്ലാം ഫിറ്റ്നസ് നേടിയിട്ടുള്ളതായും വകുപ്പ് അറിയിച്ചു. ജലഅതോറിറ്റി അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ റോഡുകളില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ചു. നദികളിലെ ജലമൊഴുക്ക് സുഗമമാക്കാന്‍ ഇറിഗേഷന്‍ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികളും യോഗം വിലയിരുത്തി.