ലോക്‌സഭ തെരഞ്ഞെടുപ്പിനു കോട്ടയം സജ്ജം
ലോക്‌സഭ തെരഞ്ഞെടുപ്പിനു കോട്ടയം സജ്ജം
കോട്ടയം: ഏപ്രിൽ 26നു നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് കോട്ടയം ലോക്‌സഭ മണ്ഡലം സജ്ജമെന്നു ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറും കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ വരണാധികാരിയുമായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കും അറിയിച്ചു. സുതാര്യവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അവർ അറിയിച്ചു.
ഏപ്രിൽ 26ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 14 സ്ഥാനാർഥികളാണ് കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്. മണ്ഡലത്തിൽ 12,54,823 വോട്ടർമാരുണ്ട്; 6,47,306 സ്ത്രീകളും 6,07,502 പുരുഷൻമാരും 15 ട്രാൻസ്ജെൻഡറും. വോട്ടർമാരിൽ 51.58 ശതമാനം സ്ത്രീകളാണ്. പുരുഷന്മാർ 48.41 ശതമാനവും. മണ്ഡലത്തിൽ 1198 പോളിങ് സ്‌റ്റേഷനുകളാണുള്ളത്.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിർഭയമായി സമ്മതിദാന അവകാശം ഉറപ്പുവരുത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുനിരീക്ഷകരെയും ചെലവ് നിരീക്ഷകനെയും പൊലീസ് നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്. ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക.
പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രിൽ 25ന്
വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രിൽ 25ന് (വ്യാഴം) രാവിലെ 8 മുതൽ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ സ്വീകരണ-വിതരണകേന്ദ്രങ്ങളിൽ ആരംഭിക്കും. 1198 വോട്ടിങ്-വി.വി. പാറ്റ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ആവശ്യമുള്ളത്. 1468 ബാലറ്റ് യൂണിറ്റുകളും 1448 കൺട്രോൾ യൂണിറ്റുകളും 1535 വിവിപാറ്റ് യന്ത്രങ്ങളും സജ്ജമാണ്.
പോളിങ് ഡ്യൂട്ടിക്ക് 7524 ഉദ്യോഗസ്ഥർ
ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളിൽ പോളിങ് ഡ്യൂട്ടിക്ക് 7524 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 1881 വീതം പ്രിസൈഡിങ് ഓഫീസർമാരെയും ഫസ്റ്റ് പോളിങ് ഓഫീസർമാരെയും 3762 പോളിങ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയിൽ 159 സെക്ടറൽ ഓഫീസർമാരെ നിയോഗിച്ചു. ക്രിട്ടിക്കൽ പോളിങ് സ്റ്റേഷനുകളിൽ നിരീക്ഷണത്തിന് 24 മൈക്രോ ഒബ്സർവർമാരുണ്ട്.
പോളിങ് ഉദ്യോഗസ്ഥരെ എത്തിക്കാൻ 571 വാഹനങ്ങൾ
ജില്ലയിലെ വിവിധ ബൂത്തുകളിൽ പോളിങ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിന് 571 വാഹനങ്ങൾ സജ്ജമാണ്. 153 ജീപ്പുകൾ, 151 ടെംപോ ട്രാവലറുകൾ, 64 മിനി ബസുകൾ, 203 ബസുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്. സെക്ടറൽ ഓഫീസർമാർക്കായി 160 വാഹനങ്ങളും സജ്ജമാക്കി.
1173 ബൂത്തുകളിൽ വെബ്കാസ്റ്റിങ്
ജില്ലയിൽ മാവേലിക്കര, പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളിലേതുൾപ്പെടെ 1564 പോളിങ് ബൂത്തുകളാണുള്ളത്. ഇതിൽ 1173 ബൂത്തുകളിലും വെബ്കാസ്റ്റിങ് സജ്ജമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ മോക്‌പോളിങ് ആരംഭിക്കുന്നതു മുതൽ പോളിങ് അവസാനിച്ച് വോട്ടിങ് യന്ത്രങ്ങൾ പെട്ടിയിലാക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികൾ കളക്ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം വീക്ഷിക്കും.
81 ബൂത്തുകൾ വനിതകൾ നിയന്ത്രിക്കും
ജില്ലയിൽ 81 ബൂത്തുകൾ വനിതകൾ മാത്രം നിയന്ത്രിക്കുന്ന ബൂത്തുകളായിരിക്കും. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും. ജില്ലയിലെ ഒൻപതു നിയോജകമണ്ഡലങ്ങളിലും ഒൻപതു വീതം ബൂത്തുകളാണ് പൂർണമായും വനിതകൾ നിയന്ത്രിക്കുക. എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു ബൂത്ത് യുവാക്കളായ പോളിങ് ഓഫീസർമാർ നിയന്ത്രിക്കുന്ന ബൂത്തുകൾ ആയിരിക്കും. 39 വയസിനു താഴെയുള്ള ഉദ്യോഗസ്ഥരായിരിക്കും ഇവിടെ പോളിങ് ജോലികൾ നിർവഹിക്കുക.
തിരിച്ചറിയൽ കാർഡ് നിർബന്ധം
വോട്ടുചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡാണ് വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ. വോട്ടർ തിരിച്ചറിയിൽ കാർഡ് ഹാജാരാക്കാൻ പറ്റാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.
പരസ്യപ്രചാരണം
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് വരെയേ പരസ്യപ്രചാരണം പാടുള്ളൂ. ഏപ്രിൽ 24ന് വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിപ്പിക്കണം.
മദ്യനിരോധനം
വോട്ടെടുപ്പിന് 48 മണിക്കൂർ മുമ്പ് മുതൽ മദ്യനിരോധനം ഏർപ്പെടുത്തി. ഏപ്രിൽ 24ന് വൈകിട്ട് ആറു മുതൽ ഏപ്രിൽ 26 വൈകിട്ട് ആറു വരെ ഡ്രൈഡേ പ്രഖ്യാപിച്ചു.
11410 പേർ വീടുകളിൽ വോട്ട് ചെയ്തു
കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടെടുപ്പിൽ 11410 പേർ വീടുകളിൽ വോട്ട് ചെയ്തു. ഏപ്രിൽ 22 വരെയുള്ള കണക്കാണിത്. 85 വയസു പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമാണ് വീട്ടിൽ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്. 85 വയസു പിന്നിട്ട 8791 പേരും ഭിന്നശേഷിക്കാരായ 2619 പേരുമാണ് വോട്ട് ചെയ്തത്. കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ അവശ്യസർവീസിലെ തപാൽ ബാലറ്റ് വോട്ടെടുപ്പിൽ 307 പേർ വോട്ടു ചെയ്തു.
പോളിങ് സ്‌റ്റേഷനിലെ സൗകര്യങ്ങൾ
ഭിന്നശേഷിക്കാർക്കും അവശരായവർക്കുമായി വീൽചെയർ സൗകര്യം വോട്ടു രേഖപ്പെടുത്താൻ എത്തുന്നവർക്കൊപ്പമുള്ള കുട്ടികൾക്കായി ക്രഷ്
കോട്ടയം ജില്ലയിൽ 15,99,969 വോട്ടർമാർ
കോട്ടയം ജില്ലയിൽ 9 നിയമസഭാമണ്ഡലങ്ങളിലായി 15,99,969 വോട്ടർമാരുണ്ട്. 8,23,655 സ്ത്രീകളും 7,76,298 പുരുഷന്മാരും 16 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു. 18-19 വയസുള്ള 20836 വോട്ടർമാരുണ്ട്. 85 വയസിനു മുകളിലുള്ള 20910 വോട്ടർമാരും 15034 ഭിന്നശേഷി വോട്ടർമാരുമുണ്ട്. വോട്ടർമാരിൽ 51.48 ശതമാനം സ്ത്രീകളും 48.52 ശതമാനം പുരുഷന്മാരുമാണ്. 2024 ജനുവരി 22ന് സംക്ഷിപ്ത വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം ജില്ലയിൽ 33,041 പേർ പുതുതായി വോട്ടർപട്ടികയിൽ പേരു ചേർത്തു. 3923 പേർ കോട്ടയം ജില്ലയിലേക്കു പേരുമാറ്റി. കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, പാലാ നിയമസഭാ മണ്ഡലങ്ങൾ, മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ ചങ്ങനാശേരി നിയമസഭാ മണ്ഡലം, പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിൽ ഉൾപ്പെടുന്നു. കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ പിറവം നിയമസഭാ നിയോജകമണ്ഡലം എറണാകുളം ജില്ലയിലേതാണ്.
വാർത്താസമ്മേളനത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ റ്റി.എസ്. ജയശ്രീ എന്നിവർ പങ്കെടുത്തു