കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ 12 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമമെന്ന് പരാതി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ 12 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമമെന്ന് പരാതി. മുഖത്ത് സ്പ്രേ അടിച്ച ശേഷം രണ്ട് നാടോടി സ്ത്രീകൾ ചേർന്ന് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായാണ് പരാതി.
കുട്ടിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ച കഴിഞ്ഞു കടയിൽ നിന്നും സാധനം വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെ രണ്ടു നാടോടി സ്ത്രീകൾ പിന്തുടർന്നുവെന്ന് പെൺകുട്ടി പറയുന്നു. വഴിമധ്യേ മുഖത്ത് രണ്ട് തവണ സ്പ്രേ അടിക്കുകയും കയ്യിൽ കടന്നു പിടിക്കുകയുമായിരുന്നു. കൈ തട്ടി മാറ്റിയാണ് വീട്ടിലേക്ക് താൻ ഓടിരക്ഷപ്പെട്ടതെന്ന് പെൺകുട്ടി പറയുന്നു. സംഭവസ്ഥലത്തിനു അടുത്തു വെച്ചു നാട്ടുകാർ ചേർന്ന് ഒരു തമിഴ് സ്ത്രീയെ പോലീസിൽ ഏൽപ്പിച്ചു എങ്കിലും ഇവരെ ചോദ്യം ചെയ്തതിൽ നിന്നും വ്യക്തത ഒന്നും ലഭിച്ചിട്ടില്ല. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.