പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
മുണ്ടക്കയം : ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പഴവങ്ങാടി, ചെല്ലക്കാട് ഭാഗത്ത് പ്ലാച്ചേരിമലയിൽ വീട്ടിൽ രാഹേഷ് രാജീവ് (24), പത്തനംതിട്ട പഴവങ്ങാടി കരികുളം ഭാഗത്ത് മുരിപ്പേൽ വീട്ടിൽ സജിത്ത് എം.സന്തോഷ് (23) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ഉച്ചയോടുകൂടി ഇഞ്ചിയാനി കുരിശുംതൊട്ടി ഭാഗത്ത് വച്ച് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ഇന്നോവ കാറിലെത്തി ബലമായി വലിച്ചിഴച്ച് കാറിൽ കയറ്റി കടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് ഇവര്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശക്തമായ വാഹന പരിശോധനയിൽ ഇവരെ വാഹനവുമായി ഇടക്കുന്നം ഭാഗത്തുനിന്ന് പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്. ഓ ത്രിദീപ് ചന്ദ്രൻ, എസ്.ഐ വിപിൻ കെ.വി, സി.പി.ഓ മാരായ ജോൺസൺ, ബിജി വി.കെ, ജോഷി എം.തോമസ്, മഹേഷ്, റോബിൻ തോമസ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.