സ്വർണ്ണ മോതിരം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ
സ്വർണ്ണ മോതിരം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: കച്ചവടക്കാരിയായ വീട്ടമ്മയുടെ സ്വർണ്ണ മോതിരങ്ങൾ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് കരടികുഴി, പട്ടുമല എസ്റ്റേറ്റ് ഭാഗത്ത് ചൂലപ്പരട്ട് വീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന സജീവ് ബാബു (23) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ നവംബർ പന്ത്രണ്ടാം തീയതി വൈകുന്നേരത്തോടുകൂടി ഇടക്കുന്നം പാറത്തോട് പള്ളിപ്പടി ഭാഗത്ത് പായസ വിൽപ്പന നടത്തിയിരുന്ന വീട്ടമ്മയുടെ സ്വർണ്ണ മോതിരങ്ങൾ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. വീട്ടമ്മ പായസ വിൽപ്പനയ്ക്കായി കടയിൽ നിന്ന് മാറിയ സമയം, കടയിലെ മേശയിൽ ഡപ്പിയിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്വർണമോതിരങ്ങൾ മോഷ്ടിച്ചുകൊണ്ട് ഇയാൾ കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും, ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ തമിഴ്നാട് നിന്നും പിടികൂടുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഫൈസൽ, എസ്.ഐ ജിൻസൺ ഡൊമനിക്ക്, സി.പി.ഓ മാരായ ശ്രീരാജ്, വിമൽ, ബിനു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.