മണിമലയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
മണിമലയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
മണിമല: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാവൂർ കടയനിക്കാട് വില്ലൻപാറ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ജയേഷ് എന്ന് വിളിക്കുന്ന സുരേഷ്(34), കങ്ങഴ ഇടയിരിക്കപ്പുഴ പ്ലാക്കപ്പടി ഭാഗത്ത് ഒറ്റപ്ലാക്കൽ വീട്ടിൽ കൊച്ചു രാഹുൽ എന്ന് വിളിക്കുന്ന രാഹുൽ കെ.പ്രസാദ് (23), കങ്ങഴ ഇടയിരിക്കപ്പുഴ കാവുങ്കൽ ഭാഗത്ത് മുത്തുവയലിൽ വീട്ടിൽ രോഹിത് കൃഷ്ണൻ (18) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. മണിമല സ്റ്റേഷനിലെ ആന്റി സോഷ്യലായ സുരേഷിന്റെ വീട്ടിൽ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയും, മറ്റ് പോലീസ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയ സമയം, ഇയാളും സുഹൃത്തുക്കളും ചേർന്ന് ഡി.വൈ.എസ്.പിയെയും പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ മൂവരെയും പോലീസ് സാഹസികമായി കീഴ്പ്പെടുത്തുകയും ചെയ്തു. കറുകച്ചാൽ, മണിമല, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുരേഷ് കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി കഴിഞ്ഞുവരികയായിരുന്നു. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി എം.അനിൽകുമാർ, മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ജയപ്രസാദ്, എസ്.ഐ വിജയകുമാർ, എ.എസ്. ഐ സിന്ധുമോൾ, സി.പി.ഓ മാരായ വിനോദ്, സാജു പി.മാത്യു, ഹരീഷ് കെ.ഗോപി, സജിത്ത്, രവീന്ദ്രൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂവരെയും കോടതിയിൽ ഹാജരാക്കി.