ഉദ്ഘാടനങ്ങൾ തിരഞ്ഞെടുപ്പ് പ്രഹസനങ്ങൾ:അഡ്വ: ഷോൺ ജോർജ്
ഉദ്ഘാടനങ്ങൾ തിരഞ്ഞെടുപ്പ് പ്രഹസനങ്ങൾ:അഡ്വ. ഷോൺ ജോർജ്
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 2019,2020- 2021 കാലഘട്ടങ്ങളിൽ ഭരണാനുമതി ലഭിക്കുകയും നിർമ്മാണം ആരംഭിക്കുകയും ചെയ്ത പദ്ധതികളിൽ നിർമ്മാണം പൂർത്തീകരിച്ച് വർഷങ്ങൾ കഴിഞ്ഞ റോഡുകളുടെ കൊട്ടിഘോഷിച്ചുള്ള ഉദ്ഘാടനങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രഹസനങ്ങൾ മാത്രമാണെന്ന് ജില്ലാപഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് പറഞ്ഞു. കഴിഞ്ഞ രണ്ടു ബജറ്റുകളിലായി പൂഞ്ഞാറിനായി അനുവദിച്ചു എന്ന് പറയപ്പെട്ട ഏതെങ്കിലും ഒരു പദ്ധതിയുടെ നിർമ്മാണം ആരംഭിക്കുവാനോ ഉദ്ഘാടനം ചെയ്യാനോ നാളിതുവരെയായും കഴിയാത്ത എം.എൽ.എ. ജനങ്ങളുടെ മുന്നിൽ അപഹാസ്യനാകുന്നത് മറച്ചുവെക്കാനാണ് ഇത്തരം ഉദ്ഘാടന പ്രഹസനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്നും ഷോൺ പറഞ്ഞു.
അരുവിത്തുറ – അമ്പാറ നിരപ്പേൽ – വട്ടോളികടവ് – ഭരണങ്ങാനം റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്നതിന് 2020-2021 ബജറ്റിൽ ഉൾപ്പെടുത്തി ആറ് കോടി രൂപ അനുവദിച്ചു. 01/02/2021 -ൽ (Go(Rt)No. 118/2021/PWD) ഉത്തരവ് പ്രകാരം ഭരണാനുമതി ലഭിക്കുകയും 22/02/2021-ൽ (TS-NO EST TS/RD/2020/517051) സാങ്കേതിക അനുമതിയും ലഭ്യമായി റോഡ് നിർമാണം ടെൻഡർ ചെയ്തു പ്രവർത്തികൾ ആരംഭിക്കുകയും ചെയ്തതാണ്.
അതോടൊപ്പം തന്നെ മുണ്ടക്കയം-കൂട്ടിക്കൽ- ഇളംകാട് – വാഗമൺ റോഡ് നവീകരിക്കുന്നതിന് 2018 -ൽ GO (RT)NO.569/2018/PWD – നമ്പർ ഉത്തരവ് പ്രകാരം 34.73 കോടി രൂപ അനുവദിക്കുകയും 2019-ൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ ജി.സുധാകരൻ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ നിലവിൽ റോഡ് നിർമ്മാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുന്നതിന് കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ തുക അനുവദിച്ചിരുന്നെങ്കിലും നാളിതുവരെയായും അതിന് ഭരണാനുമതി ലഭ്യമാക്കുവാനോ ടെൻഡർ നടപടികൾ സ്വീകരിക്കുവാനോ കഴിഞ്ഞിട്ടില്ല. ഉടൻ നിർമ്മാണം ആരംഭിക്കുവാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു.