പുനർ നിർമ്മിച്ച മ്ലാക്കര പാലം ഉദ്ഘാടനം ചെയ്തു

പുനർ നിർമ്മിച്ച മ്ലാക്കര പാലം ഉദ്ഘാടനം ചെയ്തു.

മുണ്ടക്കയം : കൂട്ടിക്കലിൽ 2021 ൽ ഉണ്ടായ പ്രളയത്തിൽ തകർന്നുപോയ മ്ലാക്കര പാലം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ അനുവദിച്ച് പുനർ നിർമ്മിച്ചു. പാലത്തിന്റെ ഉദ്ഘാടനം കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളീധരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അജിത രതീഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്ത് അംഗം പി.ആർ അനുപമ എന്നിവർ ചേർന്ന് പാലം പണി ഏറ്റെടുത്ത് പൂർത്തിയാക്കിയ കരാറുകാരനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ആദരിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ജ്യോതിഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനു ഷിജു, കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ പി എസ് സജിമോൻ , ബിജോയി ജോസ്, കെ. എസ്. മോഹനൻ, രജനി സുധീർ,എം. വി. ഹരിഹരൻ, രജനി സലിലൻ, മായ ജയേഷ്, സൗമ്യ കനി, സിഡിഎസ് ചെയർപേഴ്സൺ ആശ ബിജു എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാരായ എം എസ് മണിയൻ , ജിജോ കാരക്കാട്,എ.കെ ഭാസി, സെബാസ്റ്റ്യൻ കയ്യൂന്നുപാറ, പി കെ സണ്ണി, ഹസ്സൻകുട്ടി, ജോർജ്ജുകുട്ടി മടുക്കാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

ഉദ്ഘാടനത്തിന് ശേഷം വാദ്യമേളങ്ങളോടുകൂടി വിശിഷ്ട അതിഥികളെ ഘോഷയാത്രയായി യോഗ സ്ഥലത്തേക്ക് ആനയിച്ചു. യോഗത്തിന് ശേഷം പ്രദേശവാസികളുടെ നേതൃത്വത്തിൽ സന്തോഷ സൂചകമായി പായസവിതരണവും നടത്തി.

മ്ലാക്കര പാലം തകർന്നതോടുകൂടി മ്ലാക്കര, മൂപ്പൻ മല, ഇളംകാട് ടോപ്പ് എന്നീ പ്രദേശങ്ങളിലെ 250ലധികം കുടുംബങ്ങൾ ഒറ്റപ്പെട്ടു പോയിരുന്നു. പ്രദേശത്തേക്ക് ഉണ്ടായിരുന്ന മുപ്പതോളം ബസ് സർവീസ് ട്രിപ്പുകൾ നിലച്ചത് മൂലം ജനങ്ങൾ വലിയ ദുരിതത്തിൽ ആയിരുന്നു. പാലം യാഥാർത്ഥ്യമായതോടുകൂടി രണ്ടു വർഷത്തിലധികമായി ജനങ്ങൾ അനുഭവിച്ചു വന്നിരുന്ന വിവിധ പ്രകാരങ്ങളിലുള്ള ദുരിതങ്ങൾക്ക് അറുതിയായി. പ്രളയത്തിൽ തകർന്ന മറ്റ് പാലങ്ങളായ ഏന്തയാർ മുക്കുളം പാലം, ഇളംകാട് ടൌൺ പാലം, മൂപ്പൻ മല പാലം എന്നീ പാലങ്ങൾ പുനർ നിർമ്മിക്കുന്നതിന് ഫണ്ട് ലഭ്യത ഉറപ്പു വരുത്തി പ്രവർത്തി ആരംഭിക്കുന്നതിനു മുന്നോടിയായി ടെൻഡർ നടപടികളിലേയ്ക്ക് എത്തിയതായും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page