യുഡിഎഫ് മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിന്റെ നിലപാടുകൾ മുന്നണിക്കുള്ളിൽ അസ്വാരസ്യത്തിന് കാരണമാകുന്നു
മുണ്ടക്കയം: യുഡിഎഫ് മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിന്റെ നിലപാടുകൾ മുന്നണിക്കുള്ളിൽ അസ്വാരസ്യത്തിന് കാരണമാകുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കൽ ഡിവിഷനിൽ പാർട്ടി ചിഹ്നത്തിൽ കോൺഗ്രസ് മത്സരിപ്പിക്കുന്നത് കേരള കോൺഗ്രസ് വനിതാ വിഭാഗം ജില്ലാ സെക്രട്ടറിയെയാണ്. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥിയായി മത്സരിച്ച ഇവർ വനിതാ വിഭാഗത്തിന്റെ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മാറിയത്. ഇതിനെതിരെ കേരള കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പത്രിക സമർപ്പണം ഇവർ ബഹിഷ്കരിക്കുകയും ചെയ്തു.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സ്ഥലമായ കൂട്ടിക്കലിൽ മുണ്ടക്കയം സർവീസ് സഹകരണ ബാങ്കിലേക്കുള്ള തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് അവകാശപ്പെട്ട സീറ്റ് ആവശ്യമായ ചർച്ചകൾ പോലും നടത്താതെ കോൺഗ്രസ് ഏറ്റെടുത്തതാണ് മറ്റൊരു സംഭവം. കേരള കോൺഗ്രസ് സ്ഥാനാർഥി റിബൽ ആയി മത്സരിക്കുന്നുണ്ട്. ഘടക കക്ഷിയായ ആർഎസ്പി ബാങ്ക് തിരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ടിട്ടും കോൺഗ്രസ് വഴങ്ങിയില്ല ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് പോലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോൺഗ്രസ് നിലപാടിൽ ഘടക കക്ഷികളിലും അമർഷം പുകയുകയാണ്. മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ നടക്കുന്ന പോരാട്ടങ്ങളും യുഡിഎഫിനുള്ളിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്