പാചകവാതക സിലിണ്ടറിന്റെ തൂക്കമറിയാൻ ത്രാസ് സൗകര്യം ഒരുക്കണം: അദാലത്ത്
പാചകവാതക സിലിണ്ടറിന്റെ തൂക്കമറിയാൻ
ത്രാസ് സൗകര്യം ഒരുക്കണം: അദാലത്ത്
കോട്ടയം: പാചകവാതക സിലിണ്ടറിന്റെ തൂക്കം കൃത്യമാണോയെന്ന് ഉപയോക്താവ് സംശയം പ്രകടിപ്പിച്ചാൽ തൂക്കം അളക്കുന്നതിന് വാഹനത്തിൽ ത്രാസ് സൗകര്യം ഒരുക്കണമെന്ന് ജില്ലാതല പാചകവാതക അദാലത്തിൽ ഏജൻസികൾക്ക് നിർദ്ദേശം. ഗാർഹിക പാചകവാതക ഉപയോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന്റെ ഭാഗമായി കളക്‌ട്രേറ്റിലെ തൂലിക ഹാളിൽ ഡെപ്യൂട്ടി കളക്ടർ (എൽ.എ) മുഹമ്മദ് ഷാഫിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാതല അദാലത്തിലാണ് നിർദ്ദേശം.
പാചകവാതകവിതരണ ഏജൻസികൾ ഉപയോക്താക്കൾക്ക് ബില്ലുകൾ കൃത്യമായി നൽകണം. ബുക്ക് ചെയ്താൽ സമയബന്ധിതമായി സിലണ്ടറുകൾ ലഭ്യമാക്കണമെന്നും ഏജൻസികൾക്ക് നിർദ്ദേശം നൽകി. കാഞ്ഞിരപ്പള്ളി താലൂക്ക്-അഞ്ച്, കോട്ടയം-10, മീനച്ചിൽ-ഒന്ന്, ചങ്ങനാശേരി-മൂന്ന്, വൈക്കം-രണ്ട് എന്നിങ്ങനെയാണ് പരാതികൾ ലഭിച്ചത്. ജില്ലാ സപ്ലൈ ഓഫീസർ സ്മിത ജോർജ്, വിവിധ എണ്ണക്കമ്പനി പ്രതിനിധികൾ, പാചകവാതകവിതരണ ഏജൻസി പ്രതിനിധികൾ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിൽ പങ്കെടുത്തു.