പ്രളയം സംഭവിച്ചിട്ട് രണ്ടു വർഷം പൂർത്തിയാകുമ്പോൾ അവഗണനയുടെ നേർസാക്ഷ്യമായി മുണ്ടക്കയം കോസ് വെ പാലം
മലയോര മേഖലയുടെ അടിസ്ഥാന വികസനം തകർത്ത പ്രളയം സംഭവിച്ചിട്ട് രണ്ടു വർഷം പൂർത്തിയാകുമ്പോൾ അവഗണനയുടെ നേർസാക്ഷ്യമായി മുണ്ടക്കയം കോസ് വെ പാലം. പ്രളയത്തിൽ കോസ്റ്റ് പാലത്തിന്റെ കൈവരികളും കോൺക്രീറ്റ് പ്ലാസ്റ്ററിങ്ങും തകർന്നിരുന്നു. ഏറെനാളത്തെ പ്രതിഷേധങ്ങൾക്കൊടുവിലാണ് കൈവരികൾ പണിതത്. കോസ് വെ പാലത്തിന്റെ പുനരുദ്ധാരണത്തിനു വേണ്ടി ഫണ്ട് അനുവദിഛെന്നും അതിൽ ഒരു ഭാഗം ഉപയോഗിച്ചാണ് കൈവരികൾ പണിതതെന്നും ബാക്കിയുള്ള കോൺക്രീറ്റ് പ്ലാസ്റ്ററിംഗ് പൂർത്തിയാക്കുമെന്നും പ്രളയത്തിന്റെ ഒന്നാം വാർഷികത്തിന് മുമ്പായി എംഎൽഎയും സർക്കാരും പത്രക്കുറിപ്പ് ഇറക്കിയിരുന്നു എന്നാൽ ഇത് ജലരേഖയായി മാറി . കോസ് വെ പാലത്തിൽ രൂപപ്പെട്ടിരിക്കുന്ന ചെറുകുഴികൾ മൂലം ഗതാഗത കുരുക്ക് പതിവാണ്. ഇതിൽ കെട്ടിക്കിടക്കുന്ന മലിന ജലം കാൽനട യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നതും പതിവ് സംഭവമാണ്. ഏറെ പണിപ്പെട്ടാണ് കാൽനടയാത്രക്കാർ പാലം മുറിച്ചു കടക്കുന്നത്. നിസ്സാരമായ ഫണ്ട് അനുവദിച്ച് തീർക്കാവുന്ന ഈ പ്രശ്നം പരിഹരിക്കുവാൻ ഇനിയും എത്ര വർഷങ്ങൾ കാത്തിരിക്കണം എന്ന ആശങ്കയിലാണ് മുണ്ടക്കയം നിവാസികൾ