മലയോര മേഖലയുടെ അടിസ്ഥാന വികസന സ്വപ്നങ്ങളെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ച പ്രളയ ദുരന്തത്തിന് ഇന്ന് രണ്ടു വയസ്സ്
മലയോര മേഖലയുടെ അടിസ്ഥാന വികസന സ്വപ്നങ്ങളെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ച പ്രളയ ദുരന്തത്തിന് ഇന്ന് രണ്ടു വയസ്സ്. ദുരന്തത്തിന് രണ്ടുവർഷം പൂർത്തിയാവുമ്പോഴും ദുരിതത്തിൽ നിന്നും കരകയറുവാൻ അതിജീവന പോരാട്ടം നടത്തുകയാണ് മലയോര മേഖല. പ്രളയത്തിൽ നശിപ്പിക്കപ്പെട്ട പാലങ്ങളുടെയും റോഡുകളുടെയും കണക്കെടുപ്പിൽ പുനർ നിർമ്മിച്ചവ ചുരുക്കമാണ്. റോഡുകളുടെ നിർമാണത്തിൽ ഏറെക്കുറെ മുന്നോട്ടു പോകാൻ സാധിച്ചില്ലെങ്കിലും മലയോരമേഖലയിലെ യാത്രാസംവിധാനത്തിന്റെ നാഡീവ്യൂഹങ്ങളായ പാലങ്ങളുടെ നിർമ്മാണത്തിൽ നിന്നും സർക്കാർ മുഖം തിരിച്ചു നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. മ്ലാക്കരയിലെ പാലം മാത്രമാണ് പകുതിയെങ്കിലും പണിപൂർത്തിയാക്കുവാൻ കഴിഞ്ഞത്. ഏന്തയാർ കൊക്കെയാർ പാലങ്ങളുടെ കാര്യത്തിൽ ഇതുവരെ കുറച്ചു വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും അല്ലാതെ അന്തിമ തീരുമാനമായിട്ടില്ല. ഇവിടെ രണ്ടിടങ്ങളിലും നാട്ടുകാർ പൊതു സമൂഹത്തിൽ നിന്നും പിരിവെടുത്താണ് താൽക്കാലിക സംവിധാനം ഒരുക്കിയിരിക്കുന്നത്. ഏന്തിയാർ പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ അപ്രോച് റോഡുകളുടെ സ്ഥലം ഏറ്റെടുപ്പിന് തുക അനുവദിക്കുകയോ ഇടപെടൽ നടത്തുകയോ ജനപ്രതിനിധികൾ ചെയ്യുന്നില്ല എന്ന് പരാതിയുണ്ട്. പുല്ലുകയാറിന് കുറുകയുള്ള അനേകം ചെറുപാലങ്ങളും പ്രളയം കൊണ്ടുപോയി ഇവയെല്ലാം നാടിനെ ഗതാഗത സംവിധാനത്തിൽ പതിറ്റാണ്ടുകൾ പിന്നോട്ട് അടിച്ചു. കൂട്ടിക്കൽ പഞ്ചായത്തിൽ നിരവധി സംഘടനകൾ നടപ്പിലാക്കിയ ഭവന പദ്ധതികളിൽ അനർഹർ കടന്നുകൂടിയപ്പോൾ പഞ്ചായത്തിലെ പൂവഞ്ചിയിൽ നിന്നും കുടിയിറക്കപ്പെട്ടവരിൽ പലരും ഇന്ന് വാടക വീടുകളിലും ബന്ധുവീടുകളിലും ആണ് അഭയം പ്രാപിച്ചിരിക്കുന്നത്. മുഖ്യമായും കൂട്ടിക്കൽ പഞ്ചായത്തിൽ സംഭവിച്ച ദുരിതത്തിൽ സാമൂഹ്യപരമായ പ്രത്യാഘാതങ്ങളും ഉണ്ടായി. വിവാഹ ആലോചനകൾക്കും സ്ഥലം വിൽപ്പനകൾക്കും എല്ലാം ഇപ്പോൾ തടസ്സങ്ങൾ നേരിടുകയാണെന്ന് നാട്ടുകാർ പറയുന്നു. ഒരു കുടുംബത്തെ ഒന്നാകെ ഉരുൾപൊട്ടൽ കവർന്ന പ്ലാപ്പള്ളിയിൽ ഇന്ന് നാമമാത്രമായ കുടുംബങ്ങളാണ് ഉള്ളത്. ദുരിതം ബാധിച്ച മലയോരമേഖലകളിൽ നിന്നും ഭൂരിഭാഗം ജനങ്ങളും വിട്ടൊഴിഞ്ഞു പോയി. ഇവിടങ്ങളിലെല്ലാം ആൾതാമസം ഇല്ലാതെ ഉപേക്ഷിക്കപ്പെട്ട വീടുകളാണ് നമുക്ക് കാണുവാൻ കഴിയുന്നത്. മാറിപ്പോകുവാൻ ഒരു നിവൃത്തിയുമില്ലാത്ത ചുരുക്കം ചില കുടുംബങ്ങൾ മാത്രമാണ് ദുരിതബാധ മേഖലകളിൽ ഇപ്പോഴും താമസിക്കുന്നത്. ഇവിടങ്ങളിലെല്ലാം സ്ഥലം നഷ്ടപ്പെട്ടവർക്ക് നാമമാത്രമായ സഹായം മാത്രമാണ് സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ളത്.