കാറ്റാടിപ്പാടം; സാധ്യതാ പഠനത്തിനൊരുങ്ങി മൂന്നിലവ് ഗ്രാമപഞ്ചായത്ത്
കാറ്റാടിപ്പാടം; സാധ്യതാ
പഠനത്തിനൊരുങ്ങി
മൂന്നിലവ് ഗ്രാമപഞ്ചായത്ത്
കോട്ടയം: നാലാം വാർഡിൽ പഴുക്കാക്കാനത്ത് കാറ്റാടിപ്പാടം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു സാധ്യതാപഠനത്തിനൊരുങ്ങി മൂന്നിലവ് ഗ്രാമപഞ്ചായത്ത്. പദ്ധതിയ്ക്കായി 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 60,000 രൂപ ഗ്രാമപഞ്ചായത്ത് അനുവദിച്ചു. ഇതിനായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന് കീഴിൽ പാലക്കാട് സ്ഥിതി ചെയ്യുന്ന ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിനെ സമീപിക്കുകയും വിദഗ്ധസംഘം സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. ഈ മേഖലയിലെ വർഷംതോറുമുള്ള കാറ്റിന്റെ ഗതി, ശക്തി എന്നിവ പഠിച്ച് കാറ്റാടിപ്പാടം സ്ഥാപിക്കാനുള്ള സാധ്യത പഠനത്തിനാണ് ഇപ്പോൾ ഫണ്ട് അനുവദിച്ചിരിക്കുന്നത്.
ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇല്ലിക്കൽ കല്ല്, കട്ടിക്കയം, ഇലവീഴാപൂഞ്ചിറ എന്നിവയുടെ സമീപം സ്ഥിതി ചെയ്യുന്ന മലയോര മേഖലയായ ഈ പ്രദേശത്ത് പദ്ധതി വരുന്നത് വഴി കൂടുതൽ വിനോദ സഞ്ചരികളെ ആകർഷിക്കും. ഇല്ലിക്കൽകല്ല് വിനോദസഞ്ചാരമേഖലയിൽ വൈദ്യുതി എത്തിക്കുന്നതിനും പദ്ധതി ഉപകരിക്കും. പദ്ധതി നടപ്പാക്കാനായാൽ ഗ്രാമപഞ്ചായത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉണർവ നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എൽ.ജോസഫ്പറഞ്ഞു.