എരുമേലിയിൽ 225 ലിറ്റർ വ്യാജ മദ്യവും 35 ലിറ്റർ സ്പിരിറ്റും പിടിച്ചു : അഞ്ച് പേർ അറസ്റ്റിൽ
എരുമേലിയിൽ 225 ലിറ്റർ വ്യാജ മദ്യവും 35 ലിറ്റർ സ്പിരിറ്റും പിടിച്ചു : അഞ്ച് പേർ അറസ്റ്റിൽ.
എരുമേലി : നിറം ചേർത്ത് വ്യാജ മദ്യമായി തയ്യാറാക്കിയ 225 ലിറ്റർ സ്പിരിറ്റും കൂടാതെ 35 ലിറ്റർ സ്പിരിറ്റും എക്സൈസ് സംഘം പിടികൂടി. അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സ്പിരിറ്റ് കടത്താൻ ഉപയോഗിച്ച ലോറിയും കാറും പിടിച്ചു. മണിമല – കാഞ്ഞിരപ്പള്ളി റോഡിൽ വാളക്കയം ഭാഗത്തു നദീ തീരത്ത് വെച്ച് സ്പിരിറ്റ് കൈമാറുന്നതിന് തയ്യാറെടുക്കുമ്പോൾ ആണ് രഹസ്യ നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന എക്സൈസ് സംഘം പിടികൂടിയത്.
ആലപ്പുഴ കാവാലം സ്വദേശി കൈനടി കരയിൽ ആലപ്പൂത്തറ വീട്ടിൽ സിബിച്ചൻ, കുട്ടനാട് സ്വദേശികളായ മുണ്ടടികളത്തിൽ വീട്ടിൽ ശ്യാംകുമാർ, കൈനടി കരയിൽ വട്ടക്കളം വീട്ടിൽ വിഷ്ണു, നീലംപേരൂർ വില്ലേജിൽ ഈര കരയിൽ കോടംതുരുത്ത് വീട്ടിൽ നിതിൻ എന്നിവരും ഇവർക്ക് സ്പിരിറ്റ് എത്തിച്ചു നൽകിയ ഇടുക്കി സ്വദേശി പെരുവന്താനം വില്ലയിൽ കൊച്ചുവേളയിൽ വീട്ടിൽ മനോഹരനും ആണ് അറസ്റ്റിലായത്.
സിവിൽ എക്സൈസ് ഓഫിസർ ശ്രീലേഷിന് ലഭിച്ച രഹസ്യവിവരമാണ് വൻ വ്യാജ മദ്യ വേട്ടയിലേക്ക് എത്തിച്ചത്. കാഞ്ഞിരപ്പള്ളി, എരുമേലി ഭാഗത്ത് ഓണക്കാലത്ത് സ്പിരിറ്റ് നിർമിത വ്യാജ മദ്യം നിറം ചേർത്ത് തയ്യാറാക്കി എത്തിക്കുന്നതിന് ഒരു സംഘം ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്ന് ആയിരുന്നു വിവരം. ഇതേതുടർന്ന് എക്സൈസ് കോട്ടയം ഇന്റലിജന്റ്സ് വിഭാഗം രഹസ്യ അന്വേഷണം ആരംഭിക്കുകയും ആറ് മാസം മുമ്പ് ഒരു സംഘം മദ്യ കടത്തിന്റെ ആലോചനകൾ നടത്തിയിരുന്നതായി വിവരങ്ങൾ ലഭിക്കുകയും ചെയ്തു. ഇവരെ കുറിച്ച് ലഭിച്ച സൂചനകളിൽ തുടങ്ങിയ അന്വേഷണത്തിലാണ് ഇവർ അടുത്ത ദിവസം സ്പിരിറ്റ് കൊണ്ടുവന്ന് കൈമാറുമെന്ന് വിവരം ലഭിച്ചത്. ഇതോടെ മേഖലയിൽ രഹസ്യ നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് ഇവർ വാളക്കയം ഭാഗത്ത് സ്പിരിറ്റ് കൈമാറാൻ കാത്തുകിടക്കുന്നതായി വിവരം ലഭിച്ചത്.
ഇടുക്കി സ്വദേശി മനോഹരൻ ആണ് പ്രതികളിൽ വിഷ്ണുവിന് നിറം ചേർത്ത 225 ലിറ്റർ സ്പിരിറ്റ് കൈമാറിയത്. സ്പിരിറ്റും പ്രതികളെയും വാഹനങ്ങളും പിടികൂടിയ ശേഷം പ്രതികളെ എരുമേലി എക്സൈസ് റേഞ്ച് ഓഫിസിൽ എത്തിച്ച് ചോദ്യം ചെയ്തു. പ്രതികളിൽ വിഷ്ണുവിന്റെ ആലപ്പുഴയിലെ വീട്ടിൽ സ്പിരിറ്റ് നിർമിത മദ്യം തയ്യാറാക്കാൻ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇതോടെ ആലപ്പുഴയിലെ വീട്ടിൽ നിന്നും എക്സൈസ് സംഘം എത്തി റെയ്ഡ് നടത്തി 35 ലിറ്റർ സ്പിരിറ്റും സജ്ജീകരണങ്ങളും പിടിച്ചെടുത്തു.
22 ലിറ്റർ ഉൾകൊള്ളുന്ന 21 പ്ലാസ്റ്റിക് കന്നാസുകളിൽ ആണ് നിറം കലർത്തിയ സ്പിരിറ്റ് തയ്യാറാക്കി വെച്ചിരുന്നത്. സ്വരാജ് മസ്ദയുടെ ടിപ്പർ ലോറിയിലും മഹീന്ദ്ര എസ്‌യുവി കാറിലും ആണ് ഇവ സൂക്ഷിച്ചിരുന്നത്. പ്രതികളെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി രണ്ട് ആഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പ്രതികളിൽ വിഷ്ണുവിനെതിരെ നിലവിൽ വ്യാജ മദ്യവുമായി ബന്ധ കേസുകളുണ്ട്. സ്പിരിറ്റ് എത്തിച്ചു നൽകിയ മനോഹരന് തമിഴ്നാട്ടിൽ അബ്കാരി കേസുകൾ ആറ് എണ്ണം ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എക്‌സൈസ് ഇൻസ്‌പെക്ടർ അമൽ രാജൻ, പ്രിവന്റീവ് ഓഫീസർ അഭിലാഷ് സുമോദ്, ഐബി വിഭാഗത്തിലെ സജി, ടോജോ റ്റി. ഞള്ളിയിൽ, അരുൺ സി ദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീലേഷ്, അനുരാജ്, വിഷ്ണു ആർ നായർ, റോയ് വർഗീസ്, ഡ്രൈവർ ജോഷി എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം മുക്കടയിൽ ആറ് കിലോ കഞ്ചാവ് പിടിച്ചിരുന്നു