കോട്ടയത്ത് തെള്ളകത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ മോഷണം.
കോട്ടയത്ത് തെള്ളകത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ മോഷണം.
20 ലക്ഷം രൂപയോളം വിലമതിക്കുന്ന 40 പവനിലധികം വരുന്ന സ്വർണ്ണം, വജ്ര ആഭരണങ്ങളാണ് കവർച്ച ചെയ്തത്.
ഏറ്റുമാനൂർ തെള്ളകം പഴയാറ്റ് ജേക്കബ് എബ്രഹാമിൻ്റെ വീട്ടിലാണ് ശനിയാഴ്ച്ച പകൽ കവർച്ച നടന്നിരിക്കുന്നത്.
ജേക്കബ് ഭാര്യ ലില്ലിക്കുട്ടി, മകൻ അഭി ജേക്കബിൻ്റെ ഭാര്യ അലീന, ബന്ധു എന്നിവർ രാവിലെ 10 മണിയോടെ വീട്ടിൽ നിന്നറങ്ങി വൈകിട്ട് എട്ട് മണിക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.
അലമാരയ്ക്ക് ഉള്ളിലെ ലോക്കർ കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങൾ കവർന്നിരിക്കുന്നത്.
സ്വർണാഭരണങ്ങൾ ഒപ്പം ഇമിറ്റേഷൻ ആഭരണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇത് കൃത്യമായി ഉപേക്ഷിച്ച ശേഷം സ്വർണാഭരണങ്ങൾ മാത്രമാണ് കവർന്നിരിക്കുന്നത്.
അഞ്ച് മാസം മുമ്പായിരുന്നു ജേക്കബിൻ്റെ മകൻ കാനഡയിൽ ജോലിയുള്ള അഭി ജേക്കബിൻ്റെ വിവാഹം. മകൻ്റെ ഭാര്യ അലീനയുടെയും, ലില്ലിക്കുട്ടിയുടെയും സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ തുടങ്ങിയവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് ജേക്കബിൻ്റെ വീടിൻ്റെ ഗേറ്റ് തുറക്കുന്ന ശബ്ദം സമീപവാസികൾ കേട്ടിരുന്നു. എന്നാൽ വീട്ടുകാർ തന്നെയാകും എന്നുള്ള നിഗമനത്തിലായിരുന്നു അയൽവാസികൾ.ജേക്കബും ഭാര്യയും അടുത്ത മാസം ആദ്യം ഓസ്ട്രേലിയയിൽ താമസിക്കുന്ന മകളുടെ അടുത്തേക്ക് പോകുന്നതിനാൽ ഇവരുടെ സ്വർണാഭരണങ്ങൾ കഴിഞ്ഞദിവസം ലോക്കറിൽ നിന്ന് എടുത്ത് മറ്റൊരു ലോക്കറിലേക്ക് മാറ്റാനായി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ സമയത്തിനിടയിലാണ് കവർച്ച നടന്നിരിക്കുന്നത്.