പുലിക്കുന്ന് കണ്ണിമല ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ പെരിയാർ ടൈഗർ റിസേർവിലെ കോഴിക്കാനത്ത് തുറന്നുവിട്ടു
മുണ്ടക്കയം:ജനവാസമേഖലയായ പുലിക്കുന്ന് കണ്ണിമല ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയ പുലിയെ പെരിയാർ ടൈഗർ റിസേർവിലെ കോഴിക്കാനത്ത് തുറന്നുവിട്ടു .തമിഴ്നാട് അതിർത്തിയിൽനിന്നും മൂന്ന് കിലോമീറ്റർ അടുത്ത സ്ഥലത്തെ വനമേഖലയിലാണ് പുലിയെ തുറന്നുവിട്ടത് .ഇന്നലെ രാത്രി ഒമ്പതരയോടെയാണ് പുലി വനംവകുപ്പിന്റെ കെണിക്കൂട്ടിൽ കുടുങ്ങിയത് .കൂട്ടിൽ പുലി പിടിച്ച ആടിന്റെ അവശിഷ്ടങ്ങൾ ഇരയായും ഇട്ടിരുന്നു. . നിരവധി ആളുകളാണ് മേഖലയിൽ പുലിയെ കാണാനായി തടിച്ചുകൂടിയത്. ഇതിനെത്തുടർന്നു സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി വനം വകുപ്പ് ഉദ്യോഗസ്ഥർ ടാർപോളിൻകൊണ്ട് കൂടു മറച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.രാത്രി 12.30 ഓടെ എരുമേലി റേഞ്ച് ഓഫീസർ ബി ആർ ജയന്റെ നെത്ര്വതത്തിലുള്ള വനപാലക സംഘം നാട്ടുകാരുടെയും സഹായത്തോടെ പുലികുടുങ്ങിയ കെണി പിക്കപ്പ് വാനിൽ കയറ്റിയാണ് കുമളി കോഴിക്കാനത്തേക്ക് പോയത് .തുടർന്ന് കോഴിക്കാനത്ത് പുലിയെ തുറന്നു വിടുകയായിരുന്നു . .പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ മേഖലയിലെ നാട്ടുകാർ കടുത്ത ഭീതിയിലാണ്. വനാതിർത്തിയോടു ചേർന്നുകിടക്കുന്ന പുലിക്കുന്ന് ടോപ്പ്, കണ്ണിമല അടക്കമുള്ള പ്രദേശങ്ങളിൽ ആയിരക്കണക്കിനു കുടുംബങ്ങളാണ് താമസിക്കുന്നത്. പുലിയുടെ ആക്രമണം പതിവായതോടെ പകൽ പോലും പുറത്തിറങ്ങാൻ ഭയപ്പെടുകയാണ് ജനം.കൊച്ചുകുട്ടികൾ അടക്കമുള്ളവരെ തനിച്ചുവിടാൻ ഇപ്പോൾ മാതാപിതാക്കൾക്കും ഭയമാണ്.