വിലക്കയറ്റ നിയന്ത്രണ സ്ക്വാഡ് എരുമേലി ടൗണിലെ പലചരക്ക്, പച്ചക്കറി, മത്സ്യ കടകളിൽ നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി
എരുമേലി: വിലക്കയറ്റ നിയന്ത്രണ സ്ക്വാഡ് എരുമേലി ടൗണിലെ പലചരക്ക്, പച്ചക്കറി, മത്സ്യ കടകളിൽ നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. എട്ട് പലചരക്കുകടകൾ, നാല് പച്ചക്കറിക്കടകൾ, രണ്ടു മത്സ്യവ്യാപാര സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെ 14 വ്യാപാര സ്ഥാപനങ്ങളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. മൂന്നു വ്യാപാര സ്ഥാപനങ്ങളിൽനിന്നു പിഴ ഈടാക്കിയെന്നും മറ്റുള്ളവർക്കെതിരേ കേസ് എടുത്തെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയും പായ്ക്കറ്റുകളിൽ കൃത്യമായ വില രേഖപ്പെടുത്താതെയും കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ വിൽപനയ്ക്കു വച്ചതും അടക്കമുള്ള ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിനുള്ള സർക്കാർ ഇടപെടലിന്റെ ഭാഗമായാണ് ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പ്രത്യേക സ്ക്വാഡ് എരുമേലി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.പച്ചക്കറികൾ, മത്സ്യ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഒരേ ഉത്പന്നത്തിന് പല വില ഈടാക്കുന്നതായി കണ്ടെത്തി.തക്കാളിക്ക് 120 മുതൽ 160 വരെയും ഇഞ്ചിക്ക് 210 മുതൽ 270 വരെയും ഈടാക്കുന്നതായി പരിശോധനകളിൽ കണ്ടെത്തി. ഉയർന്ന വില ഈടാക്കിയവരെ ആദ്യ ഘട്ടത്തിൽ താക്കീത് ചെയ്തു വിട്ടയച്ചുവെന്നും ഇനിയുള്ള പരിശോധനകളിൽ ക്രമക്കേട് കണ്ടെത്തിയാൽ അത്തരം കടകൾ അടച്ചു പൂട്ടി മുദ്ര വയ്ക്കുമെന്നും പരിശോധനകൾക്ക് നേതൃത്വം നൽകിയ താലൂക്ക് സപ്ലൈ ഓഫീസർ ജയൻ ആർ. നായർ പറഞ്ഞു.പോലീസ്, റവന്യു, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ, ഗ്രാമ വികസന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് ജില്ലാ കളക്ടർ നിർദേശിച്ചിരിക്കുന്നത്.