ചേനപ്പാടിക്ക് പിന്നാലെ എരുമേലിയിലും ഭൂമിക്ക് അടിയില്‍ നിന്നും ശബ്ദം
ചേനപ്പാടിക്ക് പിന്നാലെ എരുമേലിയിലും ഭൂമിക്ക് അടിയില്‍ നിന്നും ശബ്ദം. എരുമേലി ടൗണിന് സമീപം വാഴക്കാല പാണാശേരിയില്‍ സുലൈമാന്റെ വീടിന്റെ മുറ്റത്തെ കുഴല്‍ കിണറ്റിനുള്ളില്‍ നിന്നുമാണ് വെള്ളം തിളച്ചു മറിയുന്നതുപോലെ തുടര്‍ച്ചയായി ശബ്ദം കേള്‍ക്കുന്നത്.
ഉറവ പൊട്ടുന്നതാണ് എന്ന് കരുതിയെങ്കിലും ശബ്ദം കൂടി വന്നതോടെ കിണറ്റിലേയ്ക്ക് ടോര്‍ച് അടിച്ചു നോക്കിയപ്പോള്‍ വെള്ളം തിളച്ചു മറിയുന്നതുപോലെ കറങ്ങുന്ന കാഴ്ചയാണ് കണ്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ടു ദിവസമായി ഉണ്ടായിരുന്ന ശബ്ദം ഇന്നലെ ഉച്ചയോടെ നിന്നു. ഏതാനും വര്‍ഷം മുമ്പ് ഇതേ അനുഭവം ഈ കുഴല്‍ കിണറില്‍ നിന്നുണ്ടായിരുന്നെന്ന് സുലൈമാന്‍ പറഞ്ഞു. അന്നും ദിവസങ്ങള്‍ക്ക് ശേഷം ശബ്ദം നിലച്ചു. ഇത് എന്ത് പ്രതിഭാസമാണെന്ന വിസ്മയത്തിലാണ് നാട്ടുകാര്‍. കഴിഞ്ഞയിടെ ചേനപ്പാടിയിലും പരിസരങ്ങളിലും ഭൂമിക്കടിയില്‍ നിന്ന് മുഴക്കങ്ങളും പ്രകമ്പനങ്ങളും അനുഭവപ്പെട്ടിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇക്കാര്യത്തില്‍ പഠനം നടത്തിയ ശേഷം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിരുന്നു.