പാലായിൽ കാണാതായ ലോട്ടറി വില്‍പ്പനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കോട്ടയം: കോട്ടയത്ത് കാണാതായ ലോട്ടറി വില്‍പ്പനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുപ്പത്തിയൊന്ന് വയസുളള പ്രീതി എന്ന വലവൂര്‍ സ്വദേശിനിയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്. ഇവരുടെ സുഹൃത്തായ ലോട്ടറി വില്‍പ്പനക്കാരനെ ഇന്നലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്രീതിയെ കൊന്ന ശേഷം പ്രകാശന് സ്വയം ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നഗ്നമായിരുന്ന മൃതദേഹം അഴുകി തുടങ്ങിയിരുന്നു. കഴുത്തില്‍ ഷോള് കുരുക്കിയ നിലയിലും ആയിരുന്നു. രണ്ടു ദിവസം മുമ്പാണ് പ്രീതിയെ കാണാതായത്. 31 വയസുകാരിയും നാലും പന്ത്രണ്ടും വയസുളള രണ്ടു മക്കളുടെ അമ്മയുമായിരുന്നു പ്രീതി. ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷം വലവൂര്‍ സ്വദേശിയായ ലോട്ടറി വില്പ്പനക്കാരന് പ്രകാശനുമായി പ്രീതി സൗഹൃദത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു.
പ്രീതിയ്ക്കൊപ്പം കാണാതായ പ്രകാശന്റെ മൃതദേഹം ഇന്നലെ മറ്റൊരു പുരയിടത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പ്രീതിയുടെ മൃതദേഹവും കിട്ടിയത്. പ്രീതിയെ കൊന്ന ശേഷം പ്രകാശന് സ്വയം ജീവനൊടുക്കിയതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റ് സാധ്യതകളും പരിശോധിക്കുന്നുണ്ട്.
ഇന്നലെ ആത്മഹത്യ ചെയ്ത പ്രകാശനും ഭാര്യയും കൗമാരക്കാരായ രണ്ടു മക്കളുമുണ്ട്. അമ്പത്തിയൊന്ന് വയസായിരുന്നു പ്രകാശന്റെ പ്രായം. പ്രീതിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ നാളെ പോസ്റ്റ്മോര്‍ട്ടം ചെയ്യും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി കിട്ടിയ ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു. സൗഹൃദത്തിലായിരുന്ന ഇരുവരും തമ്മില്‍ എന്തെങ്കിലും കാര്യത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. മരിച്ച പ്രീതിയുടെ മൂത്തകുട്ടിയെ പൊലീസ് ശിശുക്ഷേമ സമിതിക്ക് കൈമാറി. ഇളയ കുഞ്ഞ് മറ്റൊരു ബന്ധുവിനൊപ്പമാണ്.