അമൽ ജ്യോതി കോളജിലെ ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണം താത്കാലികമായി അവസാനിപ്പിച്ചു
അമൽ ജ്യോതി കോളജിലെ ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യയിൽ എങ്ങുമെത്താതെ അന്വേഷണം. മരണം നടന്നിട്ട് ഒരു മാസം പൂർത്തിയാകുന്ന വേളയിൽ ക്രൈംബ്രാഞ്ച് അന്വേഷണം താത്കാലികമായി അവസാനിപ്പിച്ചു. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ കിട്ടിയില്ലെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിശദീകരണം. അമൽ ജ്യോതി കോളജിൽ പൊലീസ് സുരക്ഷ തുടരുകയാണ്.
ജൂൺ രണ്ടിനാണ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളജിലെ രണ്ടാം വർഷ ഫുഡ് ടെക്‌നോളജി വിദ്യാർഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ് (20) കോളജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്. ഒപ്പം താമസിക്കുന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചു വരുമ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ ശ്രദ്ധയെ കാണുകയായിരുന്നു. ഉടൻ കുട്ടികൾ വിവരം അറിയിച്ചതനുസരിച്ച് എത്തിയ കോളജ് ജീവനക്കാർ ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആത്മഹത്യയെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കോളജ് താത്ക്കാലികമായി അടച്ചിട്ടു. വിദ്യാർത്ഥി പ്രതിഷേധം ശക്തമായിത്തുടങ്ങിയതോടെ കോളജ് മാനേജ്‌മെന്റ് പൊലീസിനെ സമീപിക്കുകയും കോടതി ഉത്തരവ് വാങ്ങി കോളജിന് സംരക്ഷണം തേടുകയും ചെയ്തു. പിന്നീട്, ജൂൺ 12ന് കോളജ് വീണ്ടും തുറന്നു.