എരുമേലി ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സാമൂഹികാഘാതപഠനം അന്തിമറിപ്പോർട്ട് സമർപ്പിച്ചു
എരുമേലി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സാമൂഹികാഘാതപഠനം നടത്തിയ ഏജൻസി വെള്ളിയാഴ്ച വൈകിട്ട് കലക്ടർക്ക് അന്തിമറിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് സാമൂഹികാഘാത പഠനം നടത്തിയത്. ഇവർ കരട് റിപ്പോർട്ട് മുമ്പേ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് മണിമല, എരുമേലി തെക്ക് വില്ലേജുകളിൽ പദ്ധതിക്കായി ഏറ്റെടുക്കാൻ നിശ്ചയിച്ച സ്ഥലത്തിന്റെ ഉടമകളിൽനിന്നും പൊതുജനങ്ങളിൽനിന്നും അഭിപ്രായം തേടി രണ്ട് ഹിയറിങ് നടത്തി. ഇവിടെ ഉയർന്ന അഭിപ്രായങ്ങൾകൂടി പരിഗണിച്ചാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്.ഇത് അടുത്ത ദിവസം തന്നെ സർക്കാരിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. തുടർന്ന് വിദഗ്ധസമിതി ഇതേക്കുറിച്ച് പഠനം നടത്തും. ഇതിനായി എംജി സർവകലാശാല സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗത്തിലെ അസി. പ്രൊഫ. ഡോ. എം വി ബിജുലാലിന്റെ നേതൃത്വത്തിൽ ഏഴംഗ വിദഗ്ധ സമിതിയെ സർക്കാർ നിശ്ചയിച്ചിരുന്നു. വിദഗ്ധസമിതിയോട് രണ്ട് മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളത്.
പൊതുജനങ്ങൾക്കു കാണുന്നതിനും വിലയിരുത്തുന്നതിനുമായി കോഴിക്കോട് എയർപോർട്ട് റൺവേ വികസനത്തിനായുള്ള ഭൂമിയേറ്റെടുക്കൽ സാമൂഹിക ആഘാതപഠനറിപ്പോർട്ടും,വിഴിഞ്ഞം രാജ്യംതര തുറമുഖം മുതൽ ബാലരാമപുരം വരെയുള്ള റെയിൽ കണക്റ്റിവിറ്റി നിർമ്മാണത്തിന്റെ ഫൈനൽ സാമൂഹിക ആഘാതപഠനറിപ്പോർട്ടും ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് ഭൂമി ഏറ്റെടുക്കൽ സാമൂഹിക ആഘാത-കരട് പഠനറിപ്പോർട്ടും ഇതോടൊപ്പം ചേർക്കുന്നു .ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് ഭൂമി ഏറ്റെടുക്കൽ സാമൂഹിക ആഘാത പഠനറിപ്പോർട്ടു ഫൈനൽ ഇന്നോ നാളെയോ ലഭ്യമാക്കുന്നതാണ് .