എരുമേലി ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ടുമായി ബന്ധപ്പെട്ട ജനകീയ കൺവെൻഷൻ നാളെ

എരുമേലി: എരുമേലി ശബരി ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ടുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും ജനങ്ങളോട് വിശദീകരിക്കുന്നതിനും, നിർദിഷ്ട എയർ പോർട്ടിന്റെ ഘടനയും, സ്വഭാവവും, വിശദാംശങ്ങളും സംബന്ധിച്ച് അറിവ് പകരുന്നതിനും ലക്ഷ്യം വെച്ച് വിപുലമായ ഒരു ജനകീയ കൺവെൻഷൻ ജൂൺ 24ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലിന് വിളിച്ചുകൂട്ടുന്നതിന് നിശ്ചയിച്ചിരിക്കുന്നതായി എയർപോർട്ട് വികസന സമിതി അറിയിച്ചു. എരുമേലി അസംപ്ഷൻ ഫെറോന പള്ളി പാരിഷ് ഹാളിൽ നടക്കുന്ന കൺവെൻഷനിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കും. സഹകരണ വകുപ്പ് മന്ത്രി വി. എൻ വാസവൻ , ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, പത്തനംതിട്ട എം. ,പി ആന്റോ ആന്റണി, എം.എൽ .എ.മാരായ പ്രമോദ് നാരായണൻ , വാഴൂർ സോമൻ , തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. അനന്തഗോപൻ, കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി , എയർപോർട്ട് പ്രൊജക്റ്റ് സ്പെഷ്യൽ ഓഫീസർ വി. തുളസീദാസ് അടക്കം പദ്ധതിക്കായി ഭൂമി കൊടുക്കുന്നവർ, എസ്റ്റേറ്റ് തൊഴിലാളികൾ മുതലായവർ പങ്കെടുക്കും.വിമാനത്താവളമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾ നടക്കുമെന്നും ഭൂമി വിട്ടു കൊടുക്കുന്ന അർഹമായവർക്ക് നഷ്ടപരിഹാരവും – പ്രത്യേക പാക്കേജും ഉണ്ടാകുമെന്നും എം.എൽ.എ പറഞ്ഞു. എരുമേലിയിൽ നടന്ന പത്രസമ്മേളനത്തിൽ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വികസന സമിതി ചെയർമാൻ ടി. എസ് കൃഷ്ണകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അനിയൻ എരുമേലി, ജോസ് പഴയതോട്ടം, വി ഐ അജി, തങ്കമ്മ ജോർജ് കൂട്ടി, സലിം വാഴമറ്റം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page