പ്രളയത്തിന് ശേഷം നദികളിൽ നിന്നും ശേഖരിച്ച മണൽ ലേലം ചെയ്തു.
പ്രളയത്തിന് ശേഷം നദികളിൽ നിന്നും ശേഖരിച്ച മണൽ ലേലം ചെയ്തു.
മുണ്ടക്കയം : 2021ലെ മഹാ പ്രളയത്തെ തുടർന്ന് കൂട്ടിക്കലിലെ പുല്ലകയാറ്റിലും, മുണ്ടക്കയത്ത് മണിമലയാറ്റിലും ഉൾപ്പെടെ നദികളിലെല്ലാം അനിയന്ത്രിതമായ തോതിൽ മണ്ണും,മണലും എക്കലും, ചെളിയും പാറക്കല്ലുകളും മറ്റ് മാലിന്യങ്ങളും വന്ന് അടിഞ്ഞുകൂടി നദികളിലെ നീരൊഴുക്ക് തടസ്സപ്പെടുന്നതിനും, അതുവഴി വെള്ളം കരകവിയുന്നതിനും ഇടയായിരുന്നു. ഇതേ തുടർന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഈ വിഷയം നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലായി ഉന്നയിച്ചതിനെ തുടർന്ന് സംസ്ഥാന ഗവൺമെന്റ് പുഴ പുനർജനനി പദ്ധതി ആവിഷ്കരിച്ച് സംസ്ഥാനത്ത് നദികളിൽ അടിഞ്ഞുകൂടിയ മണ്ണും, മണലും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചു. ഇതുവഴി നദികളുടെ ജലവാഹക ശേഷി വീണ്ടെടുത്ത് നീരൊഴുക്ക് സുഗമമാക്കുകയായിരുന്നു ലക്ഷ്യം . ഇത്തരം പ്രവർത്തികൾ നടപ്പിലാക്കുന്നതിന് മണൽവാരൽ നിരോധന നിയമം തടസ്സമായിരുന്നുവെങ്കിലും പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനും, അതിജീവിക്കുന്നതിനും മറ്റു നിയമങ്ങൾ മറികടക്കാനുള്ള വ്യവസ്ഥകൾ ദേശീയ ദുരന്തനിവാരണ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ശ്രദ്ധ ക്ഷണിക്കലിലൂടെ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിയമസഭയിൽ ചൂണ്ടിക്കാട്ടിയതോടെയാണ് നിയമ തടസ്സം മറി കടന്ന് നദികളിലെ ധാതുവസ്തുക്കൾ ഉൾപ്പെടെ നീക്കം ചെയ്യുന്നതിന് പദ്ധതിക്ക് അനുമതി ലഭിച്ചത്. ഇതനുസരിച്ച് പുല്ലകയാറിലെയും, മണിമലയാറിലെയും,അഴുതയാറിലെയും, മീനച്ചിലാറിലെയും മറ്റും മണ്ണും, പാറയും, മണലും, ചെളിയും, ഏക്കലും, മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് പൂഞ്ഞാർ നിയോജകമണ്ഡലത്തിന് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് വിവിധ നദികളിലെ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. എന്നാൽ ഇവ മുണ്ടക്കയം പുത്തൻചന്ത പഞ്ചായത്ത് സ്റ്റേഡിയത്തിലും, കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടിലും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ മണലും മറ്റും വാരി ഇട്ടിരുന്നത് നീക്കം ചെയ്യാൻ വൈകിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇവ ലേലം ചെയ്തു നൽകുന്നത് സംബന്ധിച്ചുണ്ടായ ചില ആശയ കുഴപ്പങ്ങളും, നടപടിക്രമങ്ങളുടെ സങ്കീർണതയുമാണ് ലേലം ചെയ്യുന്നതിന് കാലവിളംബം ഉണ്ടാവാൻ ഇടയാക്കിയത്. എന്നാൽ ഇപ്പോൾ അത്തരം തടസ്സങ്ങളെല്ലാം പരിഹരിച്ച് ലേല നടപടികൾ പൂർത്തീകരിച്ച് നദികളിൽ നിന്നും ശേഖരിച്ചിരുന്ന മണലും മറ്റും ധാതുവസ്തുക്കളും ലേലം ഉറപ്പിച്ചു നൽകി. എത്രയും വേഗത്തിൽ തന്നെ ലേലം കൈക്കൊണ്ടവർ ഇവ നീക്കം ചെയ്യുന്നതിന് നടപടികൾ സ്വീകരിക്കുന്നതാണെന്നും എംഎൽഎ അറിയിച്ചു.