ശരണ്യ സ്വയം തൊഴിൽ പദ്ധതി; 57 ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു
ശരണ്യ സ്വയം തൊഴിൽ പദ്ധതി;
57 ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു
കോട്ടയം : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടപ്പാക്കുന്ന ശരണ്യ സ്വയം തൊഴിൽ പദ്ധതിയിൽ 2023-24 വർഷത്തേക്കുള്ള 57 ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു. ഹുസൂർ ശിരസ്തദാർ എൻ.എസ്. സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പന്ത്രണ്ടാം ജില്ലാ കമ്മറ്റി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 18 വയസിനും 55 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് സംരംഭം തുടങ്ങാൻ 50,000 രൂപ വരെ ലോൺ നൽകുന്നതാണ് പദ്ധതി. ഇതിൽ 25,000 രൂപ സബ്സിഡിയാണ്. ബാക്കി പലിശരഹിത വായ്പ തുക 60 ഗഡുക്കളായി തിരിച്ചടയ്ക്കണം.
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായ വിധവമാർ, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവർ, നിയമാനുസൃതം വിവാഹബന്ധം വേർപ്പെടുത്തിയവർ, മുപ്പതു വയസ്സു കഴിഞ്ഞ അവിവാഹിതകൾ, കിടപ്പുരോഗിയായ ഭർത്താവുള്ള സ്ത്രീകൾ, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാർ എന്നിവരാണ് പദ്ധതിയ്ക്ക് അർഹരാകുന്നത്. ഗുണഭോക്താക്കൾക്ക് ആർ.എസ.്ഇ.ടി.ഐ. വഴി പരിശീലനവും നൽകും.
യോഗത്തിൽ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ഡി. എസ്. ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ എസ്.ടി. ശരത് ലാൽ, ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐ പ്രിൻസിപ്പൽ ടി.ബി. സന്തോഷ് കുമാർ, കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർ സി.കെ. ദീപ്തി, എംപ്ലോയ്മെന്റ് ഓഫീസർ ( എസ്.ഇ.) കെ.ആർ. ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.