ചേനപ്പാടി ഭൂമിക്കിടയിലെ മുഴക്കം, ആശങ്കയ്ക്കടിസ്ഥാനമില്ല : എംഎൽഎ
ചേനപ്പാടി ഭൂമിക്കിടയിലെ മുഴക്കം, ആശങ്കയ്ക്കടിസ്ഥാനമില്ല : എംഎൽഎ
എരുമേലി : ചേനപ്പാടി മേഖലയിൽ കഴിഞ്ഞ ഇടയുണ്ടായ ഭൂമിക്കടിയിൽ നിന്നും ഉള്ള ശബ്ദവും പ്രകമ്പനവും സംബന്ധിച്ച് വിദഗ്ധ പഠനത്തിന് നിയോഗിക്കപ്പെട്ട നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ വിദഗ്ധ സംഘത്തിന്റെ പഠന റിപ്പോർട്ട് സെന്റർ ഡയറക്ടർക്കും, ജില്ലാ കളക്ടർക്കും സമർപ്പിച്ചിട്ടുണ്ട്. ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. പത്മറാവുവിന്റെയും, എൽദോസ്.കെ യുടെയും നേതൃത്വത്തിൽ ഇക്കഴിഞ്ഞ അഞ്ചാം തീയതി ചേനപ്പാടി പ്രദേശത്ത് വിശദമായ പഠനം നടത്തുകയും സമീപവാസികളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയ വിശകലനം നടത്തിയാണ് പഠന റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഭൂമിക്കടിയിലെ മർദ്ദം പുറത്തേക്ക് വന്നതാണ് ശബ്ദമുണ്ടാകാൻ കാരണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരം പ്രതിഭാസങ്ങൾ സാധാരണമാണെന്നും അതിനാൽ തന്നെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും റിപ്പോർട്ടിനെ ഉദ്ധരിച്ച് എംഎൽഎ അറിയിച്ചു. ഏതെങ്കിലും സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട വിദഗ്ധ പരിശോധനകൾ അനിവാര്യമാകുന്ന മുറയ്ക്ക് ആവശ്യമായ അടിയന്തര നടപടികൾ കൈക്കൊള്ളുന്നതാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.