ചെത്തു പനയിൽ കയറി കള്ളു മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു
പള്ളിക്കത്തോട്: ചെത്തു പനയിൽ കയറി കള്ളു മോഷ്ടിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അകലക്കുന്നം നെല്ലിക്കുന്ന് ഭാഗത്ത് തവളപ്ലാക്കൽ വീട്ടിൽ സോമൻ റ്റി. ആർ (56) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ മാരാംകുഴി ഭാഗത്തുള്ള തങ്കച്ചൻ എന്നയാളുടെ വീട്ടുവളപ്പിൽ നിന്നിരുന്ന ചെത്തു പനയിൽ നിന്നും മാസങ്ങളോളമായി കള്ള് മോഷ്ടിച്ചു വരികയായിരുന്നു. സംശയം തോന്നിയ ഇയാൾ പള്ളിക്കത്തോട് പോലീസിൽ പരാതി നൽകുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നിരന്തരം കള്ള് മോഷ്ടിച്ചിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു.ഇയാളും സുഹൃത്തും ചേർന്ന് കുറെ മാസങ്ങളായി ഈ പനയിൽ നിന്നും രാത്രിയിൽ എത്തി കള്ള് മോഷ്ടിച്ച് വരികയായിരുന്നു. ഇത്തരത്തിൽ ഇവർ 23,000 ത്തോളം രൂപ വില വരുന്ന 650 ലിറ്ററോളം കള്ള് മോഷ്ടിച്ചതായും പോലീസ് കണ്ടെത്തി. കൂട്ടൂപ്രതിക്കായി തിരച്ചിൽ ശക്തമാക്കിയതായും പോലീസ് പറഞ്ഞു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.ഐ മാത്യു പി ജോൺ, എ.എസ്.ഐ മാരായ റെജി ജോൺ, ജയരാജ്, സി.പി.ഓ പ്രതാപചന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.