ലോകപരിസ്ഥിതിദിനം: വൃക്ഷവത്കരണത്തിന് വനം-വന്യജീവി വകുപ്പിന്റെ 65 ഇനം തൈകൾ തയാർ

ലോകപരിസ്ഥിതിദിനം:
വൃക്ഷവത്കരണത്തിന്
വനം-വന്യജീവി വകുപ്പിന്റെ
65 ഇനം തൈകൾ തയാർ

കോട്ടയം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിനുള്ള വനം-വന്യജീവി വകുപ്പിന്റെ വൃക്ഷതൈകൾ തയാറായതായി വനം വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗം മേധാവി ഇ.പ്രദീപ്കുമാർ ഐഎഫ്എസ് അറിയിച്ചു.

റമ്പൂട്ടാൻ, കറിവേപ്പ്, ഞാവൽ, ആര്യവേപ്പ്, മാതളം, പ്ലാവ്, നെല്ലി, വാളൻപുളി, നാരകം, തേക്ക് തൈ, മാവ്,  സപ്പോട്ട, ചെറുനാരകം, കണിക്കൊന്ന, കുടംപുളി, ചെമ്പകം, ഇലഞ്ഞി, മുരിങ്ങ, മുള, മുള്ളാത്തി, നീർമരുത്, പനീർചാമ്പ, തേക്ക് സ്റ്റമ്പ്, മണിമരുത്, ബദാം, ഇരുമ്പൻപുളി, അമ്പഴം, അരിനെല്ലി, ഉങ്ങ്, ഈട്ടി, അശോകം, ചന്ദനം, രക്തചന്ദനം, ദന്തപ്പാല, കൂവളം, തമ്പകം, കറുവ, ഇടന, പാച്ചോറ്റി, ആഞ്ഞിലി, പതിമുഖം, മഞ്ചാടി, ചൂരക്കാലി, ചമത, കരിങ്ങാലി, താന്നി, സിൽവർ ഓക്ക്, പൂവരശ്, കുന്നിവാക, കാട്ടുങ്ങ്, വേറ്റിവേർ, പൂമരുത്, അകിൽ, കാറ്റാടി, ലയാങ്ങി, മൈല, പുന്ന, തത്തിരി, ഇലിപ്പ, തെക്കോമ, പൂവം, വേങ്ങ, കുമ്പിൾ, ജക്രാന്ത, പെൽറ്റഫോറ എന്നിങ്ങനെ 65 ഇനം തൈകളാണ് ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചു മുതൽ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെ ലഭ്യതയനുസരിച്ച് വിതരണം ചെയ്യുന്നത്. വിതരണത്തിന് ഇതിനോടകം ആകെ 20,91,200 തൈകൾ തയാറായിട്ടുണ്ട്.

വൃക്ഷവത്ക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷതൈ വിതരണം ചെയ്യും. വരുന്ന മൂന്നു വർഷങ്ങളിൽ വൃക്ഷതൈ നട്ടു പരിപാലിക്കും എന്ന് ഉറപ്പു വരുത്തി സർക്കാരേതര സംഘടനകൾക്കും തൈകൾ ലഭ്യമാക്കും. ഇത്തരത്തിൽ തൈകൾ അതത് വനം വകുപ്പ് നഴ്സറികളിൽ നിന്നും ജൂൺ അഞ്ചു മുതൽ 2023 ജൂലൈ ഏഴു വരെ നേരിട്ട് കൈപ്പറ്റാം. വൃക്ഷത്തൈ വിതരണത്തിനായി ഓരോ ജില്ലകളിലും രണ്ടോ മൂന്നോ സബ് ഔട്ട്ലെറ്റുകളും വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. സൗജന്യ വൃക്ഷത്തൈകൾക്കായി ഇവിടങ്ങളിലും ബന്ധപ്പെടാം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻഎസ്എസ്, എൻജിഓകൾ മുതലായവയുമായി സഹകരിച്ച് സ്ഥാപന വനവത്ക്കരണപ്രവർത്തനങ്ങളും വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കാട്ടുമാവുകളും നാട്ടുമാവുകളും സംരക്ഷിക്കുന്നതിന് സാമൂഹ്യവനവത്ക്കരണ വിഭാഗം നാട്ടുമാവും തണലും എന്ന പദ്ധതിയും ആവിഷ്‌ക്കരിച്ചു. കാട്ടിലും നാട്ടിലും വളരുന്ന മാവിന്റെ വന്യജനുസുകൾ കണ്ടെത്തി വിത്തു ശേഖരിച്ച് മുളപ്പിച്ച് കൂടത്തൈകളാക്കി സ്ഥല ലഭ്യതയുള്ള പാതയോരങ്ങളിൽ നട്ടു വളർത്തുന്നതാണ് പദ്ധതി. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം അഞ്ചിന് രാവിലെ 10 മണിക്ക് കാക്കൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടക്കുന്ന ചടങ്ങിൽ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ നിർവ്വഹിക്കും.
റോഡ് വികസനവുമായി ബന്ധപ്പെട്ട് മാവുകൾ മാറ്റപ്പെട്ടയിടങ്ങളിൽ സഞ്ചാരികൾക്ക് തണലേകുന്ന വിധത്തിൽ പകരമായി  മാവിൻ തൈകൾ നട്ടുവളർത്താനും പദ്ധതി വഴി ഉദ്ദേശിക്കുന്നു. ഇതോടനുബന്ധിച്ച് സംസ്ഥാനത്തെ 14 സാമൂഹ്യവനവത്ക്കരണ ഡിവിഷനുകളിലും മാവിൻതൈകൾ നട്ടുപിടിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ട്രീഗാർഡുകളും ഇതിനായി സ്ഥാപിക്കും.

ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ വകുപ്പ്, ഇതര സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണം ഉറപ്പാക്കി നാട്ടുമാവും തണലും പദ്ധതി മുന്നോട്ട് കൊണ്ടു പോകാനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യ വനവത്ക്കരണ വിഭാഗം മേധാവി വ്യക്തമാക്കി. പദ്ധതിക്കായി സംസ്ഥാനത്താകമാനം ഇതിനോടകം ആകെ 17,070 മാവിൻതൈകൾ സാമൂഹ്യ വനവത്ക്കരണ വിഭാഗം തയാറാക്കി കഴിഞ്ഞു.

പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് രാവിലെ ഒൻപതരയ്ക്ക് ഓൺലൈനായി കേന്ദ്ര സർക്കാർ ഉദ്ഘാടനം ചെയ്യുന്ന കേന്ദ്ര പദ്ധതിയായ മിഷ്ടി (മാൻഗ്രോവ് ഇനീഷ്യേറ്റീവ് ഫോർ ഷോർലൈൻ ഹാബിറ്റാറ്റ്സ് ആൻഡ് ടാൻജിബിൾ ഇൻകംസ്) കണ്ടൽവന സംരക്ഷണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനം വകുപ്പ് സാമൂഹ്യവനവത്ക്കരണ വിഭാഗം ഇതിനോടകം 16,350 കണ്ടൽ തൈകൾ നടുന്നതിനായി തയാറാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 10 തീരദേശ ജില്ലകളിലാണ് പദ്ധതി ആരംഭിക്കുന്നത്. ഇവിടങ്ങളിൽ  ഓൺലൈൻ ചടങ്ങിനോടനുബന്ധിച്ച് രാവിലെ പത്തര മുതൽ പതിനൊന്നുമണി വരെ വൃക്ഷതൈ നടീൽ , പരിസ്ഥിതി അവബോധ ബോധവത്ക്കരണം മുതലായ പരിപാടികൾ നടക്കും. ജില്ലയിലെ മന്ത്രിമാർ, എംപി, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ, സ്‌കൂളുകൾ, കോളജുകൾ എന്നിവയുടെ പ്രാതിനിത്യം ഉറപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page