കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ ഭൂമിയ്ക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവുമുണ്ടായത്തിനെ തുടർന്ന് ജിയോളജി വിദഗ്ധർ പരിശോധന നടത്തി.
കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ ഭൂമിയ്ക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവുമുണ്ടായത്തിനെ തുടർന്ന് ജിയോളജി വിദഗ്ധർ പരിശോധന നടത്തി. സംഭവസ്ഥലത്ത് പ്രശ്നങ്ങളോ ഭൂമിയിൽ വിള്ളലോ കണ്ടെത്തിയിട്ടില്ല. വിദഗ്ധ പരിശോധനയ്ക്കായി സെൻട്രൽ ഫോർ എർത്ത് സയൻസ് സ്ഥലത്തെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
ഇന്നലെ രാത്രി 8.30 മുതൽ മൂന്ന് തവണ മണ്ണിനടിയിൽ നിന്നും അസാധാരണമായ മുഴക്കവും ചെറിയ പ്രകമ്പനവും അനുഭവപെട്ടതായാണ് നാട്ടുകാർ പറയുന്നത്.കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തും, മണിമല, കറുകച്ചാൽ, എരുമേലി പ്രദേശങ്ങളിലും അസാധാരണമായ പ്രകമ്പനം അനുഭവപ്പെട്ടതായി നിരവധിപേർ അറിയിച്ചിരുന്നു. ശബ്ദത്തെ തുടർന്ന് ആളുകൾ വീടുകൾക്ക് പുറത്തിറങ്ങി നിൽക്കുകയും ചെയ്തു.
ഏറെ പാറകളുള്ള പ്രദേശമായതിനാൽ മർദ്ദത്തിൽ ഉണ്ടാകുന്ന ചെറിയ വ്യത്യാസങ്ങൾ മൂലം പാറകൾ നീങ്ങുന്നതാവാമെന്നാണ് കോട്ടയത്തുനിന്നുള്ള ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം. എന്നാൽ വിദഗ്ധ പരിശോധനയ്ക്കായി സെന്റർ ഫോർ എർത്ത് സയൻസസ് അടുത്ത ദിവസം തന്നെ സ്ഥലത്തെത്തുമെന്ന് മന്ത്രി കെ രാജൻ. 2001ലും സ്ഥലത്ത് സമാനമായ മുഴക്കം ഉണ്ടായതാണ് ജിയോളജി വകുപ്പ് അധികൃതർ അറിയിക്കുന്നത്.”