പമ്പാവാലിയിൽ പട്ടയ മേള 30ന്

പമ്പാവാലിയിൽ പട്ടയ മേള 30ന്

കോട്ടയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി ഗ്രാമപഞ്ചായത്തിൽപ്പെട്ട പമ്പാവാലിയിലെയും,എയ്ഞ്ചൽവാലിയിലെയും മലയോര കർഷക ജനതയുടെ ഏഴ് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് മുഴുവൻ കൈവശ കൃഷിക്കാർക്കും ഉപാധിരഹിത പട്ടയം യാഥാർത്ഥ്യമാകുകയാണ്.1950 കളിൽ അന്നത്തെ തിരു-കൊച്ചി സർക്കാർ ഗ്രോ മോർ ഫുഡ് പദ്ധതി പ്രകാരം കൃഷിക്കാർക്കും, വിമുക്തഭടന്മാർക്കും നൽകിയ ഭൂമിക്ക് കൈവശ ഉടമസ്ഥ രേഖയായ പട്ടയം ആവശ്യപ്പെട്ടുകൊണ്ട് കർഷകർ നിരന്തരമായി ഉന്നയിച്ചിരുന്ന ആവശ്യമാണ് ഇപ്പോൾ സാക്ഷാത്കരിക്കപ്പെടുന്നത്. തിരു-കൊച്ചി സർക്കാരിന്റെ 01.10.1955 ലെ F4 1405/54 R. D നമ്പർ ഉത്തരവ് പ്രകാരം 536.43 ഹെക്ടർ സ്ഥലം റവന്യൂ വകുപ്പിന് കൈമാറി കിട്ടിയിരുന്നു. ആയതിനാൽ തന്നെ അന്നുമുതൽ കൈവശ കൃഷിക്കാർ പട്ടയത്തിന് അർഹരായിരുന്നു. എന്നാൽ വിവിധ തർക്ക വിതർക്കങ്ങളിലും, ചുവപ്പുനാടകളിലും നിയമ കുരുക്കുകളിലും പെട്ട് ജനങ്ങളുടെ പട്ടയ സ്വപ്നം യാഥാർത്ഥ്യമാകാതെ അനന്തമായി നീണ്ടുപോയി.1968 ൽ മാത്യു മണിയങ്ങാടൻ കമ്മീഷൻ ഈ ഭൂമി കൈവശ കൃഷിക്കാർക്ക് അർഹതപ്പെട്ടതാണെന്നും കർഷകർ പട്ടയത്തിന് അർഹരാണെന്നും അതിനു തടസ്സമാകുന്ന യാതൊരു നിയമ പ്രശ്നങ്ങളും ഇല്ല എന്ന് റിപ്പോർട്ട് നൽകുകയും, ആ റിപ്പോർട്ട് അന്നത്തെ സംസ്ഥാന സർക്കാർ അംഗീകരിക്കുകയും ചെയ്തുവെങ്കിലും, തുടർന്നും പട്ടയം ഒരു മരീചികയായി തുടരുകയായിരുന്നു. പിന്നീട് കേരള ഹൈക്കോടതി 24.06.2009 ൽ 30670/2004 നമ്പർ റിട്ട് പെറ്റീഷനിൽ കർഷകർക്ക് പട്ടയത്തിന് അർഹതയുണ്ടെന്ന് വിധിക്കുകയും ചെയ്തിരുന്നു. പിന്നീട് 01.01.1977 ന് മുൻപുള്ള കൈവശ കൃഷിക്കാർക്ക് പട്ടയം നൽകാനുള്ള സർക്കാർ തീരുമാനപ്രകാരം 27.01.2011 ലെ 50/2011/ റവന്യൂ നമ്പർ ഉത്തരവ് പ്രകാരം പട്ടയം നൽകുന്നതിന് കേരള സർക്കാരും ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ഇതിന്റെയെല്ലാം വെളിച്ചത്തിൽ തുടർനടപടികളുടെ ഫലമായി 2016 ൽ 855 പേർക്ക് പട്ടയം നൽകുകയും, മറ്റ് കൈവശക്കാർക്ക് പട്ടയം നൽകുന്നതിന് തയ്യാറാക്കുകയും ചെയ്തു. എന്നാൽ വേണ്ടത്ര മുന്നൊരുക്കവും, ജാഗ്രതയും, നിയമ സാധുതയും ഉറപ്പാക്കാതെ പട്ടയ വിതരണം നടത്തിയത് മൂലം കർഷകർക്ക് കരം അടയ്ക്കാൻ കഴിഞ്ഞില്ല. കാരണം അടിസ്ഥാന ഭൂരേഖകൾ പ്രകാരം പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങൾ കോട്ടയം ജില്ലയിലെ ഭൂപ്രദേശങ്ങളിൽ ഉൾപ്പെടാതിരിക്കുകയും തന്മൂലം എരുമേലി തെക്ക് വില്ലേജിൽ ബ്ലോക്ക് നമ്പർ 82 റെലിസ് സോഫ്റ്റ്‌വെയറിൽ ഉൾപ്പെടാതെ വന്നതുമൂലമാണ് കരമടയ്ക്കാൻ കഴിയാതെ വന്നത്. അതുകൊണ്ടുതന്നെ 1961 ലെ സർവ്വേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരം 2016 ൽ നൽകിയ പട്ടയം നിയമ സാധുത ഇല്ലാത്തതായി തീർന്നു. കർഷകർ വീണ്ടും ത്രിശങ്കുവിലായി. വർഷങ്ങളുടെ അനിശ്ചിതത്വത്തിനും , കാത്തിരിപ്പിനും വീണ്ടും കർഷകർ വിധിക്കപ്പെട്ടു.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന് ആദ്യ നിയമസഭാ സമ്മേളനത്തിൽ തന്നെ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഈ വിഷയം നിയമസഭയിൽ സബ്മിഷൻ ആയി ഉന്നയിക്കുകയും തുടർന്ന് പമ്പാവാലി എയ്ഞ്ചൽ വാലി പ്രദേശത്തെ പട്ടയം പ്രശ്നം പരിഹരിക്കുന്നതിന് ഉന്നതലയോഗം വിളിച്ചു ചേർക്കണം എന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രിക്ക് കത്ത് നൽകുകയും ചെയ്തു. ഇതിന്റെ വെളിച്ചത്തിൽ റവന്യൂ വകുപ്പ് മന്ത്രി, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും, ലാൻഡ് റവന്യൂ കമ്മീഷണറും, കോട്ടയം ജില്ലാ കളക്ടറും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. ഈ യോഗത്തിൽ പമ്പാവാലി എയ്ഞ്ചൽ വാലി പ്രദേശത്തെ ജനങ്ങൾക്ക് പട്ടയത്തിന് നിയമപരമായ അർഹതയുണ്ട് എന്നും പട്ടയം അനുവദിക്കുന്നതിന് തടസ്സങ്ങൾ ഇല്ല എന്നും പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ രേഖകളുടെ അടിസ്ഥാനത്തിൽചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് പട്ടയ നടപടികൾക്ക് തുടക്കം കുറിക്കാൻ റവന്യൂ മന്ത്രി നിർദേശം നൽകുകയായിരുന്നു. തുടർന്ന് ഒരു വർഷക്കാലം നീണ്ടുനിന്ന സർവ്വേ നടപടികളുടെയും മറ്റ് ഇതര നിയമപരമായ നടപടി ക്രമങ്ങളുടെയും അടിസ്ഥാനത്തിൽ 20.04.2023 ൽ 92/2023 RD ഉത്തരവിലൂടെ മുൻ പട്ടയങ്ങൾ റദ്ദ് ചെയ്ത് ഇപ്പോഴത്തെ മുഴുവൻ കൈവശക്കാർക്കും 1964 ലെ ഭൂമി പതിവ് ചട്ടങ്ങളിലെ ചട്ടം 24 പ്രകാരമുള്ള ഉപാധിരഹിത പട്ടയം നൽകുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ച് ഇന്ന് നിയമ സാധുതയുള്ള ഉപാധിരഹിത പട്ടയം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നിരന്തരമായ ഇടപെടലും റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്റെ നിശ്ചയദാർഢ്യത്തോടുകൂടിയുള്ള നേതൃത്വവും കോട്ടയം ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ ഐഎഎസ്സിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ ആത്മാർത്ഥമായ പരിശ്രമവുമാണ് ഏഴ് പതിറ്റാണ്ടുകളുടെ
കാത്തിരിപ്പിനൊടുവിൽ ഇന്ന് പട്ടയം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. മുപ്പതാം തീയതി രാവിലെ 11മണിക്ക് എയ്ഞ്ചൽ വാലി സെന്റ് മേരീസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ചേരുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പട്ടയ മേള ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സ്വാഗതമാശംസിക്കും. കോട്ടയം ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ ഐഎഎസ് റിപ്പോർട്ട് അവതരിപ്പിക്കും.സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. എംപിമാരായ ആന്റോ ആന്റണി, ജോസ് കെ മാണി, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാഗി ജോസഫ്, പഞ്ചായത്ത് മെമ്പർ മാത്യു ജോസഫ്, വിവിധ രാഷ്ട്രീയ, സാമൂഹിക, സംസ്കാരിക നേതാക്കൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും .

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page