അടുക്കള വാതിൽ തകർത്ത് രാത്രി കിടപ്പുമുറിയിൽ എത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാക്കളെ ധീരമായി നേരിട്ട് അമ്മയും മകളും
എരുമേലി: അടുക്കള വാതിൽ തകർത്ത് രാത്രി കിടപ്പുമുറിയിൽ എത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാക്കളെ ധീരമായി നേരിട്ട് അമ്മയും മകളും. മാലപൊട്ടിക്കാന്‍ കിടപ്പുമുറിയിലെത്തിയ കള്ളന്മാരുടെ കൈകടിച്ചുമുറിച്ച് ഓടിക്കുകയായിരുന്നു ഇരുവരും. കോട്ടയം എരുമേലി മുക്കൂട്ടുതറയിലാണ് സിനിമാരംഗങ്ങളെ വെല്ലുന്ന സംഭവം നടന്നത്. പലകക്കാവിൽ ശാന്തിനഗര്‍ പുത്തന്‍പുരയ്ക്കല്‍ സജിയുടെ വീട്ടിലെത്തിയ കള്ളന്മാരെയാണ് ഭാര്യ മേഴ്സിയും ഗര്‍ഭിണിയായ മകൾ മെൽബിനും ചേര്‍ന്ന് ധീരമായി പ്രതിരോധിച്ചത്.മേഴ്സിയും മകൾ മെൽബിനും ഒരു മുറിയിലും സജിയും മകനും മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. രാത്രി ഒന്നിനു വീടിന്റെ പിൻഭാഗത്ത് ആരോ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന ശബ്ദം മേഴ്സിയും മെൽബിനും കേട്ടു. തോന്നലാണെന്നു കരുതി ഇവർ എഴുന്നേറ്റില്ല. വീടിന്റെ പിൻവാതിൽ കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാക്കളിൽ ഒരാൾ മേഴ്സിയുടെ കിടപ്പുമുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറി കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിച്ചു. മുറിയിൽ ചെറിയ പ്രകാശം ഉണ്ടായിരുന്നതിനാൽ മോഷ്ടാവിനെ കണ്ട് മേഴ്സി ബഹളം വച്ചു. ഇതോടെ പരിഭ്രാന്തനായ കള്ളന്‍ മേഴ്സിയുടെ വായ പൊത്തിപ്പിടിക്കാൻ ശ്രമിച്ചു. ഈ സമയം മേഴ്സി മോഷ്ടാവിന്റെ കയ്യിൽ കടിക്കുകയായിരുന്നു. ഇതിടെ മേഴ്സിയെ സഹായിക്കാനായി മെൽബിൻ പെട്ടെന്ന് മോഷ്ടാവിന്റെ കൈ വിടുവിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളുടെ കയ്യിൽ കടിച്ചു. ഈ സമയം മറ്റൊരു മോഷ്ടാവു കൂടി മുറിയിൽ കടന്ന് മെൽബിന്റെ കഴുത്തിൽ പിടിക്കാൻ ശ്രമിച്ചു. ഇരുവരും ഉച്ചത്തിൽ അലറി വിളിച്ചതോടെ സജി ഉണർന്നു.
നിലവിളി ശബ്ദം കേട്ട സജി ആദ്യം കരുതിയത് ഭാര്യയ്ക്കോ മകൾക്കോ ഷോക്കേറ്റന്നാണ്. തുടര്‍ന്ന് സജി മെയിൻ സ്വിച്ച് ഓഫാക്കിയ ശേഷം ലൈറ്റുമായിട്ടാണ് ഭാര്യയും മകളും കിട ന്ന മുറിയിലേക്ക് ഓടിയെത്തി.എന്നാല്‍ ഈ സമയം മോഷ്ടാക്കൾ മുറ്റത്തേക്ക് ഓടി രക്ഷപ്പെട്ടു.
സമീപത്തെ 3 വീടുകളിലും മോഷണ ശ്രമമുണ്ടായി. മോഷ്ടാക്കളെന്നു കരുതുന്നവരുടെ സിസി ടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. തമിഴിലാണ് ഇവർ സംസാരിച്ചത്. അതിനാല്‍ ഇതര സംസ്ഥാന കവർച്ചാ സംഘമാണ് മോഷണ ശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം