പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ എരുമേലി പമ്പാവാലി പട്ടയം യാഥാർത്ഥ്യമാകുന്നു.

പമ്പാവാലി പട്ടയം യാഥാർത്ഥ്യമാകുന്നു.

എരുമേലി : പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ എരുമേലി ഗ്രാമപഞ്ചായത്ത് 11,12 വാർഡുകളായ എയ്ഞ്ചൽ വാലി,പമ്പാവാലി പ്രദേശങ്ങളിലെ ആയിരത്തോളം കുടുംബങ്ങളുടെ ചിരകാല ആവശ്യമായിരുന്ന കൈവശ ഭൂമിക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ.1964 ലെ ഭൂമി പതിവ് ചട്ടങ്ങളിലെ ചട്ടം 24 പ്രകാരമുള്ള ഉപാധിരഹിത പട്ടയമാണ് കൈവശക്കാർക്ക് ലഭിക്കുക.

1950 കളിൽ ഗ്രോമോർ ഫുഡ് പദ്ധതി പ്രകാരം അന്നത്തെ തിരു-കൊച്ചി സർക്കാർ കൃഷിക്കാരെ എയ്ഞ്ചൽവാലി-പമ്പാവാലി മേഖലകളിൽ കുടിയിരുത്തുകയും അവർക്ക് ഭൂമി നൽകുകയുമായിരുന്നു. കർഷകർക്ക് കൈവശം ലഭിച്ച ഭൂമി അന്നുമുതൽ റവന്യൂഭൂമിയായി നിലനിന്നിരുന്നുവെങ്കിലും പല നിയമ കുരുക്കുകളും, തർക്കങ്ങളും മൂലം കർഷകർക്ക് തങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുന്നത് അനന്തമായി നീണ്ടുപോവുകയായിരുന്നു. 2015-16 ൽ കർഷകർക്ക് പട്ടയം ലഭിച്ചുവെങ്കിലും പട്ടയ പ്രകാരമുള്ള ഭൂമി പേരിൽക്കൂട്ടി കരം തീർക്കുന്നതിനുള്ള റവന്യൂ വകുപ്പിന്റെ റെലീസ് സോഫ്റ്റ്‌വെയറിൽ ഉൾപ്പെടാതിരുന്നതിനാൽ കർഷകർക്ക് ഭൂമി പേരിൽ കൂട്ടുന്നതിനോ, കരം തീർക്കുന്നതിനോ കഴിയാതെ വന്നിരുന്നു. പട്ടയം നൽകിയ ഭൂമി റവന്യൂ രേഖകൾ പ്രകാരം കോട്ടയം ജില്ലയിൽ എരുമേലി തെക്ക് വില്ലേജിൽ ഉൾപ്പെട്ട് വരാതിരുന്നത് മൂലമാണ് അപ്രകാരം സംഭവിച്ചത്. തന്മൂലം സർവ്വേ ആൻഡ് ബൗണ്ടറി ആക്ട് പ്രകാരം മുൻപ് ലഭിച്ച പട്ടയം നിയമസാധുത ഇല്ലാത്തതായി തീരുകയും ചെയ്തു.  അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിയമസഭയിൽ വിഷയം ഉന്നയിക്കുകയും തുടർന്ന് റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് പിശകുകളും, ന്യൂനതകളും പരിഹരിച്ച് സാധുവായ പട്ടയം നൽകുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കുകയും ഒന്നരവർഷത്തിലധികം നീണ്ടുനിന്ന പരിശ്രമങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഫലമായി ഇപ്പോൾ പമ്പാവാലി പ്രദേശത്തെ ആയിരത്തോളം കുടുംബങ്ങൾക്കായി 502 ഹെക്ടർ ഭൂമിക്ക് പട്ടയം നൽകുന്നതിന് 29.04.2023 തിയതി സ.ഉ(കൈ) നം.92/2023/RD നമ്പരായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. കൂടാതെ ഭൂപതി ചട്ടങ്ങൾ ചട്ടം 12 (1) പ്രകാരം 04.05.2023 തീയതിയിൽ അറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page