പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു
എരുമേലി : വീട്ടിൽ നിന്നും മാറി താമസിക്കാത്തതിനുള്ള വിരോധം മൂലം പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി, മൂക്കാൻപെട്ടി,കണമല ഇടപ്പാറ വീട്ടിൽ സുനോജ് സുധാകരൻ (32) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടോടുകൂടി വീട്ടിലെത്തിയ ഇയാൾ തന്റെ പിതാവിനെ ചീത്ത വിളിക്കുകയും, പിതാവിന്റെ കയ്യിൽ ഇരുന്ന മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു.
ഇത് ചോദ്യം ചെയ്ത പിതാവിനെ കയ്യിലിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് നേരെ വെട്ടുകയായിരുന്നു, ഇത് തടയാൻ ശ്രമിക്കുന്നതിനിടയിൽ പിതാവിന്റെ കൈയ്ക്കും മുഖത്തിനും വെട്ടേൽക്കുകയും ചെയ്തു. പിതാവിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ വന്ന അമ്മയെയും ഇയാൾ ആക്രമിച്ചു. അച്ഛനും അമ്മയും വീട്ടിൽ നിന്നും മാറി താമസിക്കാൻ പറഞ്ഞിട്ട് വീട്ടിൽ നിന്നും മാറാത്തതിലുള്ള വിരോധം മൂലമാണ് യുവാവ് ഇത്തരത്തിൽ ആക്രമിച്ചത്.
പിതാവിന്റെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മകനെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി വി, എസ്.ഐ ശാന്തി കെ ബാബു, എസ് ഐ അബ്ദുൽ അസീസ്, സി.പി.ഓ മാരായ ഷാജി ജോസഫ്, സിജി കുട്ടപ്പൻ, സിബി മോൻ എം ജി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.