കെ.എസ്.ഇ.ബി ലൈൻമാന് നേരെ ആക്രമണം : മൂന്നുപേർ അറസ്റ്റിൽ
കെ.എസ്.ഇ.ബി ലൈൻമാന് നേരെ ആക്രമണം : മൂന്നുപേർ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ലൈൻമാനെ ആക്രമിച്ച കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കോവിൽ കടവ് ഭാഗത്ത് പാറക്കൽ വീട്ടിൽ അബ്ദുൽ ലത്തീഫ് മകൻ ഷെഹീർ ലത്തീഫ് (39), കാഞ്ഞിരപ്പള്ളി പാറക്കടവ് ഭാഗത്ത് പുതുപറമ്പിൽ വീട്ടിൽ ഷിബിലി മകൻ നജീബ് ഷിബിലി (27), കാഞ്ഞിരപ്പള്ളി മണ്ണാറക്കയം അഞ്ജലിപ്പാ ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ ഷാജിമോൻ മകൻ അബ്ദു ഷാജി (23) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരം ചേർന്ന് കാഞ്ഞിരപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ലൈൻ മാൻ ആയ സുബൈർമോനെയാണ് പാറക്കടവ് ഭാഗത്തേക്കുള്ള വഴിയിൽവെച്ച് ബൊലേറോ വാഹനത്തിൽ എത്തി വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും, വസ്ത്രം വലിച്ചുകീറി ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തത്. കൂടാതെ ഇയാളുടെ കയ്യിലിരുന്ന ഡിസ്കണക്ഷൻ ലിസ്റ്റ് വലിച്ചുകീറുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയുമായിരുന്നു. ബിർള കോളനി ഭാഗത്ത് വൈദ്യുതി കണക്ഷൻ കുടിശ്ശിക വരുത്തിയ വീട്ടിലെത്തി വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുമെന്ന് അറിയിച്ചതിലുള്ള വിരോധം മൂലമാണ് ഇയാളെ ആക്രമിച്ചത്. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം യുവാക്കളെ പിടികൂടുകയുമായിരുന്നു. യുവാക്കൾക്കെതിരെ ആക്രമണത്തിന് കൂടാതെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച്.ഓ ഷിന്റോ പി കുര്യൻ, എസ്.ഐ രാജേഷ് കുമാർ, സി.പി.ഓ മാരായ പ്രകാശ്, ബോബി, വിമൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.