യൂണിഫോം പാഠ പുസ്തക വിതരണം ജില്ലാതല ഉദ്ഘാടനം നാളെ
യൂണിഫോം, പാഠ പുസ്തക വിതരണം
ജില്ലാതല ഉദ്ഘാടനം ഇന്ന്
കോട്ടയം: ജില്ലയിലെ സർക്കാർ- എയ്ഡഡ് വിദ്യാലയങ്ങളിലേക്കുള്ള പാഠപുസ്തകങ്ങൾ, യൂണിഫോം എന്നിവയുടെ ജില്ലാതല വിതരണോദ്ഘാടനം ഇന്ന് (മാർച്ച് 28)നടക്കും. പാഠപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി
സ്‌കൂളിലെ ഹബ്ബിൽ പാമ്പാടി, കൊഴുവനാൽ വിദ്യാഭ്യാസ ജില്ലകളിലേക്ക് വിതരണത്തിനായി പോകുന്ന വാഹനം ഫ്ളാഗ് ഓഫ് ചെയ്ത് കൊണ്ട് വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ നിർവഹിക്കും. യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 10.30ന് മുട്ടമ്പലം സർക്കാർ യു.പി സ്‌കൂളിൽ കോട്ടയം ഈസ്റ്റ് എ.ഇ.ഒ ആർ.അജിത നിർവഹിക്കും
ജില്ലയിലെ പതിമൂന്ന് ഉപജില്ലകളിലെയും വിദ്യാഭ്യാസ ഓഫീസർമാരുടെ നേതൃത്വത്തിലാണ് കൈത്തറി യൂണിഫോമിന്റെ വിതരണം നടക്കുന്നത്. സർക്കാർ വിദ്യാലയങ്ങളിലെ ഒന്നുമുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക്് രണ്ട് ജോഡി യൂണിഫോം തുണി സൗജന്യമായി
നൽകും. എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികൾക്ക് യൂണിഫോം വാങ്ങാനായി പണം നൽകും. 1,47,730.28 മീറ്റർ തുണിയാണ് ജില്ലയിൽ വിതരണത്തിനായി വേണ്ടത്. ഇതിൽ 89,115 മീറ്റർ തുണി ആദ്യഘട്ടവിതരണത്തിന് എത്തിയിട്ടുണ്ട്. ഹാൻടെക്സാണ് വിതരണത്തിനായി കൈത്തറി തുണികൾ എത്തിക്കുന്നത്.
പുതുപ്പള്ളി സെന്റ് ജോർജ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളാണ് ജില്ലയിൽ പാഠപുസ്തക വിതരണത്തിനുള്ള ഹബ്ബ്. സർക്കാർ – എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സൗജന്യമായി നൽകാൻ 11,58,019 പുസ്തകങ്ങളാണ് വേണ്ടത്. ഇതിൽ 4,92,630 പുസ്തകങ്ങൾ വിതരണത്തിനായി എത്തിയിട്ടുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിൽ വിവിധ ഉപജില്ലകളിലേക്ക് വിതരണത്തിനായി പാഠപുസ്തകങ്ങൾ തരംതിരിക്കുന്ന ജോലികൾ നടന്ന് വരികയാണ്. പാലാ, കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ഉപജില്ലകളിലേക്കുള്ള പാഠപുസ്തകങ്ങൾ വിതരണത്തിനായി എത്തിച്ചുകഴിഞ്ഞു.