ശബരി എയര്‍പോര്‍ട്ടിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍വെ ഇന്ന് തുടങ്ങും
കോട്ടയം: എരുമേലിയില്‍ ശബരി എയര്‍പോര്‍ട്ടിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍വെ ഇന്ന് തുടങ്ങും. നിലവില്‍ ആറു സര്വെയര്മാരെയാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്നത്. വൈകാതെ നാലു പേരെക്കൂടി നിയമിക്കും. എരുമേലി തെക്ക്, മണിമല വില്ലേജ് ഓഫീസുകളിലുള്ള സര്‍വെ രേഖകളുടെ അടിസ്ഥാനത്തിലാണ് സ്ഥലം അളന്നുതിരിക്കുക. ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകള്‍, സമീപ വസ്തു ഉടമകള്‍ എന്നിവര്‍ക്ക് ഇതിനായി നോട്ടീസ് നല്‍കും. ആകെ 1039.876 ഹെക്ടര്‍ സ്ഥലമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. ഇതില്‍ 851 ഹെക്ടര്‍ സ്ഥലം ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കൈവശമാണ്. സ്ഥലം അളന്നു തിരിക്കുന്നതിനു മുന്നോടിയായി ബിലീവേഴ്സ് ചര്‍ച്ചിന് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആകെ 352 കുടുംബങ്ങള്‍ക്കാണ് സ്ഥലം നഷ്ടപ്പെടുന്നത്.