കാർഷിക സംരംഭകത്വ രംഗത്തേക്ക് പാറത്തോട് സഹകരണബാങ്ക്
കാർഷിക സംരംഭകത്വ രംഗത്തേക്ക് പാറത്തോട് സഹകരണബാങ്ക്
കാഞ്ഞിരപ്പള്ളി: പാറത്തോട് സർവീസ് സഹകരണബാങ്ക് കാർഷിക സംരംഭകത്വ മേഖലയിലേക്ക് കടക്കുന്നു. നബാർഡിന്റെ സഹായത്തോടുകൂടി കാർഷിക മൂല്യവർധിത സംരംഭം ആരഭിക്കുന്നതിനാണ് ബാങ്ക് നേതൃത്വം നൽകുന്നത്.
ബാങ്കിന്റെ മെംബർമാരായിട്ടുള്ള കർഷകരെ ഓഹരി ഉടമകളാക്കി കർഷകരുടെ ഉടമസ്ഥാവകാശത്തിൽ കർഷകരാൽ നയിക്കുന്ന സംരംഭം എന്ന വിധത്തിൽ കർഷക ഉത്പാദക സംഘടന രൂപീകരിച്ചു കൊണ്ടാണ് പാറത്തോട് ബാങ്ക് ഈ രംഗത്ത് ചുവടുവയ്ക്കുന്നത്. ഇതിന്റെ ഭാഗമായി പാറത്തോട് ബാങ്കിന്റെ പ്രവർത്തന മേഖലകളിൽ വിശേഷാൽ കർഷക സദസുകൾ സംഘടിപ്പിക്കും.
ഓഹരി ഉടമകൾക്ക് കാർഷിക സംരംഭക പദ്ധതിയുടെ സവിശേഷതകൾ ബോധ്യപ്പെടുത്തി കാർഷിക മൂല്യവർധിത സംരംഭം ആരംഭിക്കുന്നതിനാണ് ബാങ്ക് ലക്ഷ്യം വയ്ക്കുന്നത്. ഇതുസംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ബാങ്ക് പ്രസിഡന്റ് ജോർജുകുട്ടി ആഗസ്തിയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എഫ്പിഒ ഡിവിഷൻ മാനേജരും സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ ഡാന്റീസ് കൂനാനിക്കലും പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടവും ക്ലാസ് നയിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് ബിജോ ബി. കുറ്റുവേലിൽ ഭരണസമിതിയംഗങ്ങളായ പി.എൻ. ഗോപിനാഥൻ, പ്രിൻസ് ജോസഫ്, കെ.പി. സുജിലൻ, സുബിൻ ജോസഫ്, തോമസുകുട്ടി സെബാസ്റ്റ്യൻ, റജി ജോസഫ്, വിജയമ്മ വിജലാൽ, സോഫിയാമ്മ മാത്യു, ഷേർലി വർഗീസ്, സെക്രട്ടറി സി.ആർ. രേഖാമോൾ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.