എരുമേലി കനകപ്പലം ശ്രീനിപുരത്ത് വീടിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു
എരുമേലി : എരുമേലി കനകപ്പലം ശ്രീനിപുരത്ത് വീടിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു, വെള്ളിയാഴ്ച ഒരുമണിക്ക് ഉണ്ടായ തീപിടുത്തത്തിൽ പുത്തൻപുരയ്ക്കൽ സത്യപാലൻ്റെ ഭാര്യ ശ്രീജ ( സീതമ്മ – 48) സംഭവസ്ഥലത്ത് വെച്ച് മരിച്ചിരുന്നു. ഇതോടെ ആകെ മരണം മൂന്നായി.
ഗുരുതരമായി പൊള്ളലേറ്റ ആശുപത്രിയിൽ എത്തിച്ച സത്യപാലൻ ( 52 ) , മകൾ അജ്ഞലി (26), എന്നിവരാണ് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടുകൂടി മരിച്ചത്. ഗുരുതരമായതിനെ തുടർന്ന് വെൻ്റിലേറ്റ്റിൽ വെക്കുകയായിരുന്നു.20% പൊള്ളലേറ്റ മകൻ അഖിലേഷ് ( ഉണ്ണിക്കുട്ടൻ – 22 ) ആശുപത്രിയിൽ ചികിത്സയിലാണ് .വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീടിനകത്ത് തീ പടർന്നതിനെ തുടർന്ന് ബഹളം കേട്ടും – തീ കണ്ടും ഓടിക്കൂടിയ അയൽവാസികൾ വെള്ളം ഒഴിച്ച് തീ അണക്കാൻ ശ്രമിച്ചുവെങ്കിലും തീ ആളിപ്പടരുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വീടിൻ്റെ മുൻവശത്തെ കതക് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും ഓടികൂടിയ നാട്ടുകാരാണ് കതക് പൊളിച്ചതെന്നും നാട്ടുകാർ പറഞ്ഞു.അകത്ത് കയറി വെള്ളം ഒഴിച്ച് തീ അണക്കാൻ ശ്രമിക്കുന്നതിനിടെ അജ്ഞലിയേയും, ഉണ്ണിക്കുട്ടനേയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പിന്നീട് നടന്ന തിരച്ചലിലാണ് സത്യപാലനെയും, ശ്രീജയേയും കണ്ടെത്തിയത്.
കുടുംബ തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് പറയുന്നത്. അജ്ഞലി മൂന്ന് ദിവസം മുമ്പാണ് വിദേശത്ത് നിന്നും വന്നത്,അജ്ഞലിയുടെ വിവാഹവുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നതായും – ഇന്ന് രാവിലെയും ഇത് സംബന്ധിച്ച് വീട്ടിൽ തർക്കം ഉണ്ടായതായും നാട്ടുകാർ പറഞ്ഞു. അജ്ഞലിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ചിലർ വീട്ടിലെത്തിയിരുന്നതായും ഇതിന് ശേഷമാണ് അപകടം ഉണ്ടായതെന്നും നാട്ടുകാർ പറഞ്ഞു. കൂട്ട ആത്മഹത്യയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വീടിനകത്ത് തീ ഉണ്ടായത് എങ്ങനെയാണന്ന് വ്യക്തമല്ല. സത്യപാലൻ എരുമേലിയിൽ ജൂബിലി സൗണ്ട്സ് എന്ന പേരിൽ ഒരു സ്ഥാപനം നടത്തിവരുകയായിരുന്നു.
മരിച്ച ശ്രീജയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുതരമായി പൊള്ളലേറ്റ മറ്റുള്ളവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമേലി സ്റ്റേഷനിലെ എസ്. ഐ രാജേഷ് ജി , മറ്റ് പോലീസുകാരായ ബിപിൻ, രാഹുൽ, സജീഷ്, ജയ്മോൻ എന്നിവരുടെ നേതൃത്വത്തിൽ എരുമേലി പോലീസും, കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ഫോഴ്സും – നാട്ടുകാരും ചേർന്നാണ്
രക്ഷാ പ്രവർത്തനം നടത്തിയത്.