എരുമേലിയിലെ 23 പ്രദേശങ്ങൾ കാമറാ നിരീക്ഷണത്തിലേക്കു കടക്കുന്നു.
എരുമേലി: എരുമേലിയിലെ 23 പ്രദേശങ്ങൾ കാമറാ നിരീക്ഷണത്തിലേക്കു കടക്കുന്നു. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഏഴു കാമറകൾ സ്ഥാപിച്ചു നിരീക്ഷണം തുടങ്ങിയിരുന്നു. ഇതേത്തുടർന്നു കാമറാ നിരീക്ഷണ പദ്ധതി വിപുലമാക്കുകയാണ് പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന് അനുവദിച്ച 15 ലക്ഷവും പഞ്ചായത്ത് വിഹിതവും ഉപയോഗിച്ച് 23 ഇടങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചെന്നു പ്രസിഡന്റ് സുബി സണ്ണി, വൈസ് പ്രസിഡന്റ് വി.ഐ. അജി എന്നിവർ പറഞ്ഞു. മാലിന്യങ്ങൾ തള്ളുന്ന പൊതു ഇടങ്ങളിലും പാതയോരങ്ങളിലുമാണ് കാമറ സ്ഥാപിക്കുക. എംഇഎസ് കോളജ് റോഡിൽ കാമറ സ്ഥാപിക്കുന്നതിനുള്ള പണികൾ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ഏതാനും നാളുകൾക്കുമുന്പു ചേനപ്പാടി-കടവനാൽ കടവ് ഭാഗത്ത് മണിമലയാറിൽ മാലിന്യങ്ങൾ തള്ളിയ സംഭവം മുൻനിർത്തിയാണ് ഇവിടെയും കാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഏറ്റവും കൂടുതൽ മാലിന്യങ്ങളെത്തുന്ന കനകപ്പലം-വെച്ചൂച്ചിറ റോഡിലെ കുട്ടിവനം ഭാഗത്തും പ്രപ്പോസ്-എംഇഎസ് റോഡിലും കനകപ്പലം-കാരിത്തോട്-കല്യാണിമുക്ക് ഭാഗങ്ങളിലും കിഴക്കൻ മേഖലയിൽ മാലിന്യങ്ങൾ തള്ളുന്ന സ്ഥലങ്ങളിലും ഉൾപ്പെടെയാണു കാമറ സ്ഥാപിക്കുന്നത്. ദൃശ്യങ്ങൾ തത്സമയം പഞ്ചായത്ത് ഓഫീസിലും പോലീസ് സ്റ്റേഷനിലും ലഭ്യമാകാൻ ഇന്റർനെറ്റ്, വൈദ്യുതി സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനു ഫണ്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഓടകളിലെ മാലിന്യങ്ങൾ നീക്കി വൃത്തിയാക്കുന്ന ജോലികൾ നടത്തിവരികയാണെന്നു പ്രസിഡന്റ് അറിയിച്ചു.