കോട്ടയം ആർടിഒ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ മുണ്ടക്കയം ബസ് സ്റ്റാൻഡിൽ പരിശോധന നടത്തി
മുണ്ടക്കയം: വാഹനങ്ങളിലെ നിയമലംഘനങ്ങൾ പിടികൂടുവാൻ കോട്ടയം ആർടിഒ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ മുണ്ടക്കയം ബസ് സ്റ്റാൻഡിൽ പരിശോധന നടത്തി. കാഞ്ഞിരപ്പള്ളി താലൂക്ക് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 220 വാഹനങ്ങളിൽ നിയമലംഘനം കണ്ടെത്തി. 2,40,000 രൂപ പിഴ ഈടാക്കി. എൻഫോഴ്സ്മെന്റ് ആർടിഒ സി. ശ്യാമിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ജില്ലയിലെ അഞ്ച് സ്ക്വാഡുകളിൽ അഞ്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും അഞ്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും ഉൾപ്പെടെ 12 അംഗ ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തിയത്. സ്വകാര്യ ബസിലും കെഎസ്ആർടിസി ബസിലും പരിശോധന നടത്തി. പെർമിറ്റ്, ടാക്സ്, ഇൻഷ്വറൻസ് അടക്കമുള്ള രേഖകൾ ഇല്ലാതെയും സ്പീഡ് ഗവേണർ ഘടിപ്പിക്കാത്തതും എയർഹോൺ ഉപയോഗിക്കുന്നതുമായ വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിച്ചു. ആർടിഒ എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ മണിമല-എരുമേലി-മുണ്ടക്കയം, പൊൻകുന്നം-കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി-മുണ്ടക്കയം റൂട്ടുകളിൽ പ്രത്യേക പരിശോധന നടത്തി. ബസ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കോട്ടയം ജില്ലയിൽ നിയമലംഘനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ താലൂക്കുകൾ കേന്ദ്രീകരിച്ച് തുടർന്നുള്ള മാസങ്ങളിലും പരിശോധന ശക്തമാക്കാനാണ് ആർടിഒ എൻഫോഴ്സ്മെന്റിന്റെ തീരുമാനം.