പുലിയുടെ സാന്നിധ്യം സ്ഥിതീകരിച്ച പാലൂർക്കാവിൽ നിരീക്ഷണം ശക്തമാക്കും
മുണ്ടക്കയം : പുലിയുടെ ആക്രമണത്തിൽ വളർത്തുനായയ്ക്ക് ഗുരുതര പരിക്കേറ്റതോടെ ഭീതിയിൽ പെരുവന്താനം പഞ്ചായത്തിലെ പാലൂർക്കാവ് ഗ്രാമം. പാലൂർക്കാവ് ഊട്ടുകളത്തിൽ ബിൻസിയുടെ നായയാണ് ആക്രമണത്തിനിരയായത്.
വ്യാഴാഴ്ച രാത്രി 7 ഓടെ വീടിന് സമീപത്തെ റോഡരികിൽ നിന്ന് കരച്ചിൽ കേട്ട് എത്തിയ ബിൻസി കാണുന്നത് നായയെ ഏതോ വലിയ ജീവി കടിച്ചുപറിച്ച് കൊണ്ടുപോകുന്നതാണ്. ബഹളമുണ്ടാക്കിയതോടെ നായയെ ഉപേക്ഷിച്ച് ജീവി ഓടി മറഞ്ഞു. കഴുത്തിന് ആഴത്തിൽ മുറിവേറ്റ നായ്ക്കുട്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഉടൻ പഞ്ചായത്ത് അംഗത്തെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. സ്ഥലത്ത് നടത്തിയ പരിശോധനയിൽ പുലിയാണെന്ന് ഉറപ്പിച്ചു. പ്രദേശത്ത് കൂടു സ്ഥാപിക്കാനാണ് വനം വകുപ്പ് നീക്കം. ഇവിടെ നിരീക്ഷണം സത്യമാക്കും
വളർത്തുമൃഗങ്ങളെ കാണാതാകുന്നത് പതിവ്
മുൻപും പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെ കാണാതായിട്ടുണ്ട്. ഇവയെ പുലി പിടിച്ചുകൊണ്ടു പോയതാണെന്ന നിഗമനത്തിലാണ് പ്രദേശവാസികൾ. പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ എത്രയും വേഗം പിടികൂടി ഭീതി അകറ്റണമെന്നാണ് ആവശ്യം. എസ്റ്റേറ്റ്, ടാപ്പിംഗ് തൊഴിലാളികളടക്കം തിങ്ങിപ്പാർക്കുന്ന മേഖലയാണിത്. പുലർച്ചെ നിരവധിപ്പേരാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇവരും ഭീതിയിലാണ്. വനാതിർത്തിയുമായി പങ്കിടുന്ന പ്രദേശമാണിത്.