ശബരിമല വിമാനത്താവളത്തിന് ഗ്രീൻ സിഗ്നൽ നൽകി വിദഗ്ധ സമിതി
ശബരിമല വിമാനത്താവളത്തിന് ഗ്രീൻ സിഗ്നൽ നൽകി വിദഗ്ധ സമിതി
എരുമേലി :
നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാമെന്ന് വിദഗ്ധ സമിതി. സാമൂഹിക ആഘാത പഠന റിപ്പോർട്ട് അവലോകനം ചെയ്ത ഒൻപതംഗ സമിതിയാണ് സർക്കാരിന് ശുപാർശ നൽകിയത്.
സ്ഥലമേറ്റെടുക്കുമ്പോൾ കിടപ്പാടം നഷ്ടപ്പെടുന്നവർക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കണം. കാഞ്ഞിരപ്പള്ളി താലൂക്കിലെ മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 245 പേരുടെ ഭൂമിയും ചെറുവള്ളി എസ്റ്റേറ്റുമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ചെറുവളളി എസ്റ്റേറ്റിലെ ലയങ്ങളിലുള്ള 238 കുടുംബങ്ങളെയും പുറത്തുള്ള 114 കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കേണ്ടി വരും. ഇതിനുപുറമെ 100 വർഷത്തിലധികം പഴക്കമുള്ള കാരിത്തോട് എൻഎം എൽപി സ്കൂൾ, ഏഴ് ആരാധനാലയങ്ങൾ അഞ്ച് കച്ചവട സ്ഥാപനങ്ങൾ, ശ്മശാനങ്ങൾ എന്നിവയും മാറ്റി സ്ഥാപിക്കണം. പൊതുവികസന പ്രവർത്തനങ്ങൾക്ക് ആരാധനാലയങ്ങളുടെ സ്ഥലം ഏറ്റെടുക്കാമെന്ന പ്രത്യക ശുപാർശയും വിദഗ്ധ സമിതി മുന്നോട്ടുവെയ്ക്കുന്നുണ്ട്.
കുടിയെഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളിലെ അംഗങ്ങൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് വിമാനത്താവളത്തിൽ ജോലി നൽകണമെന്നതാണ് മറ്റൊരു നിർദേശം.