പത്തനംതിട്ടയിലെ പോലീസ് മർദ്ദനം. മുണ്ടക്കയം സ്വദേശികൾക്ക് പരിക്ക്
പത്തനംതിട്ട: വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ സ്ത്രീകൾ അടക്കമുള്ള സംഘത്തിന് നേരെ പോലീസ് അതിക്രമം. ഒരു കാരണവുമില്ലാതെ നടത്തിയ ലാത്തിച്ചാർജിലും മർദനത്തിലും യുവതിയുടെ തൊളെല്ലൊടിഞ്ഞു. രണ്ടു യുവാക്കളെ ക്രൂരമായി മർദിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെ അബാൻ ജങ്ഷനിലാണ് സംഭവം. കഴിഞ്ഞ ദിവസം പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ പതിനെട്ടുകാരൻ വാരി നിലത്തടിച്ച എസ്.ഐ ജിനുവിൻറെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് നരനായാട്ട് നടത്തിയത്.
കൊല്ലത്ത് വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് ട്രാവലറിൽ മടങ്ങിയ സംഘത്തിന് നേരെയായിരുന്നു അതിക്രമം. എരുമേലി, മുണ്ടക്കയം ഭാഗത്തു നിന്നുള്ള ഇരുപതോളം പേരാണ് ട്രാവലറിൽ സഞ്ചരിച്ചിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന മലയാലപ്പുഴ പുതുക്കുളം സ്വദേശിയെ കൂട്ടിക്കൊണ്ടു പോകാൻ ഭർത്താവ് എത്തി അബാൻ ജങ്ഷനിൽ കാത്തു നിന്നിരുന്നു. ഇവരെ ഇറക്കി വിടാൻ വേണ്ടി വണ്ടി നിർത്തിയപ്പോൾ യുവതി അടക്കം അഞ്ചു പേർ പുറത്തിറങ്ങി നിന്നു. ഇവരിൽ ചില റോഡരികിൽ
മൂത്രമൊഴിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞു വന്ന പോലീസ് വാഹനം നിർത്തി ഓടെടാ എന്ന് പറഞ്ഞ് ലാത്തിച്ചാർജ് തുടങ്ങുകയായിരുന്നു. എസ്ഐ ജിനു മഫ്തിയിലായിരുന്നു.
ഭർത്താവിനെയും കൂടെ വന്നവരെയും പോലീസ് മർദിക്കുന്നത് കണ്ട് ഭയന്നോടിയപ്പോൾ വീണാണ് സിത്താര (31) എന്ന യുവതിക്ക് പരുക്കേറ്റത്. സിത്താരയുടെ തോളെല്ലിന് പൊട്ടലേറ്റു. ഭർത്താവ് ശ്രീജിത്തിൻ്റെ തലയ്ക്ക് ലാത്തിച്ചാർജിൽ പൊട്ടലേറ്റു. സിജിൻ എന്ന യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചു. തങ്ങളെ എന്തിനാണ് മർദിക്കുന്നത് എന്ന് ചോദിച്ചപ്പോൾ പോലീസ് ഒന്നും പറഞ്ഞില്ല. ഓടെടാ എന്ന് മാത്രമാണ് പറന്നത് എന്നാണ് പരുക്കേറ്റവരുടെ മൊഴി. ഇവർ ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.
അതേസമയം, മർദനം ആളുമാറിയെന്നാണ് പോലീസിന്റെ അനൗദ്യോഗിക വിശദീകരണം. അബാൻ ജങ്ഷനിലെ ബാറിന് സമീപം അടിപിടി നടക്കുന്നുവെന്ന് സ്‌റ്റേഷനിൽ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ്
പോലീസ് സംഘം എത്തിയതെന്ന് പറയുന്നു. ക്വാർട്ടേഴ്‌സിലായിരുന്ന എസ്.ഐ ജിനു സ്‌റ്റേഷനിൽ നിന്ന് വിളിച്ചത് അനുസരിച്ചാണ് എത്തിയത്. പോലീസ് സംഘം ചെന്നപ്പോൾ ഒരു യുവതിയും നാലു പുരുഷന്മാരും ചേർന്ന് ബാറിന് മുന്നിൽ നിന്ന് സെൽഫി എടുക്കുന്നതാണ് കണ്ടത്. ഹെൽമറ്റ് ധരിച്ച രണ്ടു പേർ ഓടിപ്പോകുന്നത് കണ്ടുവെന്ന് ഇവരും പോലീസിനോട് പറഞ്ഞുവെന്ന് പറയുന്നു. എന്നാൽ, ഇവരും ആ സംഘത്തിലുള്ളവരാണെന്ന് കരുതി മർദിക്കുകയായിരുന്നുവെന്ന് പറയുന്നു. സിത്താരയെ പോലീസ് മർദിക്കുന്നത് തടയാൻ ശ്രമിക്കുമ്പോഴാണ് ശ്രീജിത്തിന് മർദനമേറ്റത്. പോലീസ് സംഘത്തിൽ രണ്ടു പേരൊഴികെ എല്ലാവരും മഫ്തിയിലായിരുന്നു. എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവരാണ് മർദനമേറ്റവർ. ഈ വകുപ്പുകൾ ചുമത്തി പോലീസുകാർക്കെതിരേ കേസ് എടുക്കണമെന്നാണ് ആവശ്യം.