വന്യജീവിആക്രമണം അടക്കമുള്ള വിഷയങ്ങളില്‍ മലയോരജനത ഒറ്റക്കാവില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍

പ്രശ്‌ന പരിഹാരത്തിന് യുഡിഎഫ് മലയോര ജനതക്കൊപ്പം: വി ഡി സതീശന്‍

കോട്ടയം: മലയോര സമര യാത്രയുമായി കോട്ടയം ജില്ലയില്‍ എത്തിയ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്  മുണ്ടക്കയത്ത് ആവേശോജ്വല സ്വീകരണം.
ചുട്ടുപൊള്ളുന്ന വെയിലിലും സ്ത്രീകളടക്കം ആയിരങ്ങളാണ് മുണ്ടക്കയത്ത് പ്രതിപക്ഷനേതാവിനെ വരവേല്‍ക്കാന്‍ എത്തിയത്. കല്ലേപ്പാലം ജംഗഷനില്‍ നിന്നും തുറന്ന വാഹനത്തില്‍ ആയിരങ്ങളുടെ അകമ്പടിയിലാണ് പ്രതിപക്ഷനേതാവിനെയും ജാഥാംഗങ്ങളെയും വേദിയിലേക്ക് ആനയിച്ചത്. വന്യജീവിആക്രമണം അടക്കമുള്ള വിഷയങ്ങളില്‍ മലയോരജനത ഒറ്റക്കാവില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ സ്വീകരണസമ്മേളനത്തില്‍ പറഞ്ഞു.പ്രശ്‌നപരിഹാരം ഉണ്ടാകുന്നത് വരെ യു.ഡി.എഫ് ഒപ്പമുണ്ടാകും. ഇടത് സര്‍ക്കാരിന്റെ അവസാന സമയമാണിത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ മലയോരജനതയുടെ പ്രശ്‌നപരിഹാരങ്ങള്‍ക്കായിരിക്കും ആദ്യപരിഗണനയെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
മലയോര ജനതയുടെ കണ്ണീരില്‍ പിണറായി സര്‍ക്കാര്‍ ഒലിച്ചുപോകുമെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.
മലയോരകര്‍ഷകരുടെ ഭരണഘടനാപരമായ അവകാശം സര്‍ക്കാര്‍ നിഷേധിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മരണത്തിന് വിധേയരാകാന്‍ വിധിക്കപ്പെട്ട ജനവിഭാഗമായി കര്‍ഷകര്‍ മാറി. മണ്ടത്തരങ്ങളുടെ നെറുകയിലാണ് വനം മന്ത്രി നില്‍ക്കുന്നത്. കിഴങ്ങ് വര്‍ഗത്തില്‍പെട്ട ഒരു കൃഷിപോലും ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ പന്നിക്ക് ഗര്‍ഭം ഉണ്ടോയെന്നതടക്കമുള്ള നിബന്ധനകള്‍ കൂട്ടിച്ചേര്‍ത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വന്യജീവി ആക്രമണത്തിന് ഇരയാകുന്നവരുടെ കുടുംബങ്ങളോട് സര്‍ക്കാര്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉദാരസമീപനം സ്വീകരിക്കണം. ബഫര്‍സോണ്‍ അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ഉത്തരവുകളാണ് കര്‍ഷകര്‍ക്ക് വിനയാകുന്നത്. വനാതിര്‍ത്തിയില്‍ നിന്ന് പുറത്തോട്ട് ബഫര്‍സോണ്‍ പാടില്ലെന്നതാണ് യു.ഡി.എഫ് നയം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മനുഷ്യജീവി എവിടെ പോകുമെന്ന ചോദ്യത്തിന് സര്‍ക്കാരിന് ഉത്തരമില്ല. മരണത്തിനും ജീവനുമിടയിലൂടെ കടന്ന് പോകുന്ന മലയോരകര്‍ഷകരുടെ ദുരിതം കണ്ട് ആനന്ദിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് ആന്റോ ആന്റണി എം.പി ചൂണ്ടിക്കാട്ടി. ജോയി ഏബ്രഹാം അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍, ഫ്രാന്‍സീസ് ജോര്‍ജ് എം.പി, എം.എല്‍.എമാരായ ചാണ്ടി ഉമ്മന്‍, മോന്‍സ് ജോസഫ്, മാണി സി.കാപ്പന്‍, നേതാക്കളായ കെ.സി.ജോസഫ്, ഷാനി മോള്‍ ഉസ്മാന്‍, പി.സി.തോമസ്, അഡ്വ.മുഹമ്മദ് ഷാ, ജോസഫ് വാഴയ്ക്കന്‍, പി.എ.സലീം, ജോസി സെബാസ്റ്റ്യന്‍, ടോമി കല്ലാനി, വാക്കനാട് രാധാകൃഷ്ണന്‍, നാട്ടകം സുരേഷ്, അസീസ് ബഡായില്‍, അപു ജോസഫ്, വി.ജെ.ലാലി, എ.എന്‍.രാജന്‍ബാബു, സുരേഷ് ബാബു, ഫില്‍സണ്‍ മാത്യൂസ്, ടി.സി.അരുണ്‍, തമ്പി ചന്ദ്രന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page