കാഞ്ഞിരപ്പള്ളി പഴയപള്ളി ടൗൺ പ്രദക്ഷിണം ഇന്ന്
കാഞ്ഞിരപ്പള്ളി: പഴയപള്ളി മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന ചരിത്രപ്രസിദ്ധമായ ടൗൺ പ്രദക്ഷിണം ഇന്ന് നടക്കും. വൈകുന്നേരം ആറിന് പുളിമാവിൽനിന്നുള്ള കഴുന്ന് പ്രദക്ഷിണം പള്ളിയിലെത്തും. തുടർന്ന് 6.15ന് പഴയപള്ളിയിൽ നിന്നാരംഭിക്കുന്ന പ്രദക്ഷിണം കത്തീഡ്രൽ റോഡുവഴി കുരിശുങ്കൽ ജംഗ്ഷനിലെത്തി ടൗണ്‍ ചുറ്റി പള്ളിയിലെത്തിച്ചേരും. വിവിധയിടങ്ങളിൽ ലദീഞ്ഞും പ്രത്യേക പ്രാർഥനകളും നടത്തും. പ്രദക്ഷിണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. കടകളും സ്ഥാപനങ്ങളും വൈദ്യുത ദീപാലങ്കാരങ്ങളാലും കൊടിതോരണങ്ങളാലും അലംകൃതമായിരിക്കുകയാണ്. നാനാജാതി മതസ്ഥരായ പതിനായിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന പ്രദക്ഷിണത്തെ നിരവധി പ്ലോട്ടുകളും ആയിരക്കണക്കിന് മുത്തുക്കുടകളും ചെണ്ടമേളവും ബാന്‍ഡ് മേളവും വര്‍ണാഭമാക്കും. പ്രദക്ഷിണത്തിന് ഏറ്റവും മികച്ച ടൗൺ അലങ്കാരത്തിനും കട അലങ്കാരത്തിനും സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്.