ഡല്‍ഹിയിലെ റിപബ്ലിക് ദിനാഘോഷത്തില്‍ കേരളത്തില്‍ നിന്നും ഫെര്‍ട്ടിലാന്റ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയും.

ഡല്‍ഹിയിലെ റിപബ്ലിക് ദിനാഘോഷത്തില്‍ കേരളത്തില്‍ നിന്നും ഫെര്‍ട്ടിലാന്റ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയും.
സംഘത്തെ ഡയറക്ടര്‍ ബോര്‍ഡ് അംഗം ശ്രീ. ജോജി വാളിപ്ലാക്കല്‍ നയിക്കും.

കാഞ്ഞിരപ്പള്ളി: കര്‍ഷകരുടെ രക്ഷയ്ക്കായി, കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക, കര്‍ഷകരില്‍ പരസ്പര സഹകരണത്തോടെ സംരംഭകര്‍ ആക്കുക, പുതിയ ശാസ്ത്രീയ – കാര്‍ഷിക അറിവുകള്‍ പങ്കുവയ്ക്കുക, അത്യുത്പാദനശേഷിയുള്ള വിത്ത് ഇനങ്ങള്‍ പരിചയപ്പെടുത്തുക, കൃഷി മേഖലയില്‍ നൂതന സാങ്കേതിക വിദ്യകള്‍ പ്രാവര്‍ത്തികമാക്കുക, തനതുപ്രാദേശിക വിഭവങ്ങളുടെ
ലഭ്യതയും ശാസ്ത്രീയമായ സംസ്‌കരണത്തിലൂടെ കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യവര്‍ദ്ധിത വസ്തുക്കളാക്കി മാറ്റി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ചെറുകിട നാമമാത്ര കര്‍ഷകര്‍ ഓഹരി ഉടമകളായി ഇന്ത്യയില്‍ ആകമാനം 10000- ല്‍ അധികം കര്‍ഷക കമ്പനികള്‍ രൂപീകരിച്ചതിന്റെ ഭാഗമായി 175- ല്‍പരം കമ്പനികള്‍ കേരളത്തിലും പ്രവര്‍ത്തിക്കുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്കില്‍ ചോറ്റി കേന്ദ്രമാക്കി നബാര്‍ഡിന്റെയും, പീരുമേട് ഡവലപ്‌മെന്റ് സൊസൈറ്റിയുടെയും നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും 2021- ല്‍ തുടങ്ങിയ 750 ചെറുകിട നാമമാത്ര കര്‍ഷകര്‍ ഓഹരി ഉടമകളായി ചെയര്‍മാന്‍ ശ്രീ. എം.ജെ. തോമസ് മഞ്ഞനാനിക്കലിന്റെ നേതൃത്വത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന ഫെര്‍ട്ടിലാന്റ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ 2023-24 വര്‍ഷത്തെ പ്രവര്‍ത്തി വിജയത്തിന്റെ ഭാഗമായാണ് നാല് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാര്‍ക്ക് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ക്ഷണം കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നബാര്‍ഡ് മുഖേന ലഭിച്ചിരിക്കുന്നത്. കമ്പനിയെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ശ്രീ. ജോജി വാളിപ്ലാക്കലിന്റെ നേതൃത്വത്തില്‍ ബോര്‍ഡ് മെമ്പര്‍മാരായ ശ്രീ. ബിനോയി പുരയിടം, ശ്രീ. ജെയ്‌സണ്‍ തടത്തില്‍, കമ്പനി സി.ഇ.ഒ. ശ്രീ. ചാക്കോച്ചന്‍ വി.സി. എന്നിവര്‍ കുടുംബസമേതം പങ്കെടുക്കും.
കൈതച്ചക്കയില്‍ മൂല്യവര്‍ദ്ധിത വസ്തുക്കള്‍ നിര്‍മ്മിക്കുകയാണ് കമ്പനിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം. നിലവില്‍ പള്‍പ്പ് ഉണ്ടാക്കി വന്‍കിട കമ്പനികള്‍ക്ക് ഐസ്‌ക്രിം, കേക്ക്, ജാം, ഇതര വസ്തുക്കള്‍ ഉണ്ടാക്കുവാന്‍ നല്‍കിക്കൊണ്ടിരിക്കുന്നു. പൈനാപ്പിള്‍ പള്‍പ്പ് ഉണ്ടാക്കുവാന്‍ സ്വന്തമായി ഫാക്ടറിയും, ആധുനിക യന്ത്രസംവിധാനങ്ങളും ഉണ്ട്. 1000 രൂപ ഓഹരി ഒന്നിന് തത്തുല്യമായ തുക നബാര്‍ഡ് നല്‍കുക ഉണ്ടായി. ഈ മേഖലയില്‍ ചെറുകിട നാമമാത്ര കൈതകൃഷി ഇന്ന് ഏറെ സഹായകമാണ്. 15- ല്‍ അധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുവാന്‍ സാധിക്കുന്നു. 2023-24 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കമ്പനിയില്‍ സണ്ണി കാരന്താനം, ജയിംസ് പെരുംകുഴിയില്‍, സുരേന്ദ്രന്‍ പി., ഷൈബി എബ്രഹാം, പ്രൊഫ: ജയിംസ് കെ. ജോര്‍ജ്, തോമസ് ജോസഫ് കാഞ്ഞുപ്പറമ്പില്‍, ബെന്നി ഓടയ്ക്കല്‍ എന്നിവരാണ് ഇതര ബോര്‍ഡ് അംഗങ്ങള്‍. 24 ന് ഡല്‍ഹിയില്‍ സംഘം എത്തും. 25-ാം തീയതി വിവിധ അധികാരികളുമായി നടത്തപ്പെടുന്ന കൂടിക്കാഴ്ചയില്‍ കേരളത്തിലെ കര്‍ഷക പ്രശ്‌നങ്ങളായ വന്യജീവി ആക്രമണം, കാലാവസ്ഥാ വ്യതിയാനം, കാര്‍ഷിക വായ്പയുടെ ലഭ്യതക്കുറവ്, പലിശ ഇളവ്, കാര്‍ഷിക വസ്തുക്കളുടെ വിലയിടിവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും നിവേദനം നല്‍കുകയും ചെയ്യും. 27-ാം തീയതി സംഘം തിരികെ പോരും. കേരളത്തില്‍ നിന്ന് ഫെര്‍ട്ടിലാന്റ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി കൂടാതെ ഇടുക്കിയില്‍ നിന്ന് മറ്റൊരു കമ്പനിയ്ക്കുമേ ഈ അവസരം ലഭിച്ചിട്ടുള്ളു.

ഫോട്ടോ…
ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായ ബിനോയി പുരയിടം, ജോജി വാളിപ്ലാക്കല്‍, ജെയ്‌സണ്‍ തടത്തില്‍, കമ്പനി സി.ഇ.ഒ. ചാക്കോച്ചന്‍ വി.സി. എന്നിവര്‍

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page