ഹരിത കർമസേനയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി.
എരുമേലി: ശബരിമല സീസൺ സമാപിക്കുന്നതിന്റെ ഭാഗമായി ഹരിത കർമസേനയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. പരമ്പരാഗത പാത ആരംഭിക്കുന്ന എരുമേലി-പേരൂർത്തോട്-ഇരുമ്പൂന്നിക്കര-കോയിക്കക്കാവ് റോഡിലെ ഉൾപ്പെടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി. ശബരിമല സീസണിൽ ആരംഭിച്ച 12 ഹരിത ചെക്ക് പോസ്റ്റുകളിലും പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ശുചീകരണം നടത്തി. കഴിഞ്ഞ 11 വരെ ഹരിത ചെക്ക് പോസ്റ്റുകൾ മുഖേന പ്ലാസ്റ്റിക് കുപ്പികൾ, ബോട്ടിലുകൾ ഉൾപ്പെടെ 3100 കിലോഗ്രാം അജൈവ മാലിന്യങ്ങൾ ശേഖരിച്ചെന്നും ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം ശബരിമല സീസൺ സമാപിക്കുന്ന ഇന്ന് അവസാനിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അറിയിച്ചു. ശബരിമല സീസണിൽ കരാർ അടിസ്ഥാനത്തിൽ ഏജൻസി മുഖേന 1,16,520 കിലോഗ്രാം ജൈവ മാലിന്യങ്ങൾ ഇക്കഴിഞ്ഞ 11 വരെ സംസ്കരണത്തിനായി കൈമാറിയെന്നും പ്രസിഡന്റ് പറഞ്ഞു. മികച്ച നിലയിൽ ശബരിമല പാതകളിൽ ഹരിത ചെക്ക് പോസ്റ്റുകൾ പ്രവർത്തിപ്പിച്ച ഹരിത കർമസേനാംഗങ്ങളെ തദ്ദേശ സ്വയം ഭരണവകുപ്പ് കോട്ടയം ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ ലക്ഷ്മി പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വൈസ് പ്രസിഡന്റ് വി.ഐ. അജി എന്നിവർ അഭിനന്ദിച്ചു.